ബുധനാഴ്ച മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റി

bus strike postponed

ബസുടമകൾ ബുധനാഴ്ച നടത്താനിരുന്ന സൂചനാസമരവും വെള്ളിയാഴ്ച മുതലുള്ള അനിശ്ചിതകാല സമരവും മാറ്റി. ഓപ്പറേറ്റേഴ്സ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികളുമായി മന്ത്രി എ കെ ശശീന്ദ്രന്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രശ്നങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കി. ഡിസംബര്‍ ആദ്യവാരം വീണ്ടും ചര്‍ച്ച ചെയ്യും.

മിനിമം ചാർജ് പത്ത് രൂപയാക്കുക, കെ.എസ്.ആര്‍.ടി.സിയിലും സ്വകാര്യ ബസുകളിലും കണ്‍സെഷന്‍ ഒരു പോലെയാക്കുക, സര്‍ക്കാര്‍-എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെ യാത്രാ ഇളവ് അമ്പത് ശതമാനമാക്കുക, സ്വാശ്രയ, സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെ യാത്രാ ഇളവ് പൂര്‍ണമായും ഒഴിവാക്കുക തുടങ്ങിയ ബസുടമകളുടെ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സംസ്ഥാനത്തെ സ്വകാര്യബസുകൾ അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം നൽകിയിരുന്നത്.

മന്ത്രി എ കെ ശശീന്ദ്രന്‍ നടത്തിയ ചര്‍ച്ചയിൽ ഭാരവാഹികളായ ടി ഗോപിനാഥന്‍, വി ജെ സെബാസ്റ്റിയന്‍, ഗോകുല്‍ദാസ്, ജയാനന്ദ്, പി കെ മൂസ എന്നിവര്‍ പങ്കെടുത്തു.

Content highlight: bus strike has been postponed