എസ്.എസ്.കെ പദ്ധതിക്കു കീഴിലെ സൗജന്യ യൂണിഫോം വിതരണം പ്രതിസന്ധിയില്‍

ഉച്ചഭക്ഷണ വിതരണത്തിന് പുറമെ സൗജന്യ യൂണിഫോം വിതരണവും പ്രതിസന്ധിയില്‍. എസ്.എസ്.കെ പദ്ധതിയുടെ കീഴിലാണ് സംസ്ഥാന സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളിലെ എട്ടാം ക്ലാസ്സുവരെയുള്ള കുട്ടികള്‍ക്ക് സൗജന്യമായി യൂണിഫോം നല്‍കിയത്.

സർക്കാർ സ്‌കൂളുകളിലേയും എയ്ഡഡ് സ്‌കൂളുകളിൽ നാലാം ക്ലാസുവരെയുള്ള കുട്ടികൾക്കും സർക്കാർ പണം മുടക്കി യൂണിഫോമിന്റെ തുണി വാങ്ങി നൽകി. എന്നാല്‍ എയ്ഡഡ് സ്‌കൂളുകളിലെ അഞ്ചാം ക്ലാസ് മുതല്‍ എട്ടാം ക്ലാസുവരെയുള്ള 5,97,464 കുട്ടികള്‍ക്ക് അതത് സ്‌കൂളുകളിലെ ഹെഡ്മാസ്റ്റര്‍മാരാണ് യൂണിഫോമിനുള്ള തുണി വാങ്ങി നല്‍കിയത്. രണ്ടു സെറ്റ് യൂണിഫോമാണ് വാങ്ങിയത്. എന്നാല്‍ ആറു മാസമായിട്ടും ഹെഡ്മാസ്റ്റര്‍മാര്‍ക്ക് തുക തിരികെ ലഭിച്ചിച്ചിട്ടില്ല. ഓരോ ഹെഡ്മാസ്റ്റര്‍മാര്‍ക്കും ലക്ഷക്കണക്കിന് രൂപയാണ് സര്‍ക്കാരില്‍ നിന്ന് ലഭിക്കാനുള്ളത്.

ആദ്യം സ്വകാര്യ കമ്പനികളില്‍ നിന്നും പണം മുടക്കി തുണി വാങ്ങി നല്‍കാനും അതിനു ശേഷം ജൂണില്‍ തുക തിരികെ നല്‍കാമെന്നുമായിരുന്നു സര്‍ക്കാരിന്റെ നിലപാട്. ഇതനുസരിച്ചാണ് ഹെഡ്മാസ്റ്റര്‍മാര്‍ യൂണിഫോമിനുള്ള തുണി വാങ്ങി നല്‍കിയത്. എന്നാല്‍ ഇതുവരേയും സര്‍ക്കാര്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്ക് തുക തിരികെ നല്‍കിയിട്ടില്ല. സംസ്ഥാന സര്‍ക്കാരിന്റെ രൂക്ഷമായ പ്രതിസന്ധിയാണ് തുക നല്‍കാന്‍ തടസമാകുന്നത്.

Content highlights; Free uniform distribution of state government on the crisis