ആൺകുഞ്ഞിന് ജന്മം നൽകിയില്ലെന്ന പേരിൽ 28 ക്കാരിയെ മുത്തലാഖ് ചൊല്ലി; പരാതിയുമായി യുവതി രംഗത്ത്

triple talaq issue

ആൺകുഞ്ഞിന് ജന്മം നൽകാൻ കഴിയില്ലെന്ന് ആരോപിച്ച് ഭാര്യയെ ഭർത്താവ് മുത്തലാഖ് ചൊല്ലി. തുടർന്ന് ഭർത്താവിനെതിരെ യുവതി നൽകിയ കേസിൽ പോലീസ് കേസെടുത്തു. മുസ്ലിം വനിതകളുടെ വിവാഹ അവകാശ സംരക്ഷണ നിയമം ജൂലൈയിൽ പാർലമെൻറ് പാസ്സാക്കിയ ശേഷം സെക്കന്ദരാബാദിൽ രജിസ്റ്റർ ചെയ്യുന്ന മൂന്നാമത്തെ കേസാണിത്.

2011 ലാണ് ദമ്പതികൾ വിവാഹിതരായത്. ആദ്യ ഗർഭം അലസിയിരുന്നു. പിന്നീടൊരു പെൺകുട്ടി ജനിച്ചു. അതിനു ശേഷം തുടർച്ചയായ ഗർഭം അലസുന്നതിന് വൈദ്യ സഹായം തേടിയ യുവതിയോട് ഇനി ഗർഭം ധരിക്കുന്നത് സുരക്ഷിതമല്ലെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. ഇതിനു ശേഷമാണ് ഭർത്താവും വീട്ടുകാരും പീഡനം ആരംഭിച്ചതെന്ന് യുവതിയുടെ പിതാവ് പറയുന്നു.

വിവാഹ സമയത്ത് മൂന്നു ലക്ഷം രൂപയും സ്വർണ്ണാഭരണങ്ങളും സ്ത്രീധനമായി പിതാവ് നൽകിയിരുന്നെങ്കിലും പിന്നീട് വീണ്ടും കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടുകൊണ്ട് ഭർതൃവീട്ടുകാർ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായും ഇനിയൊരു കുഞ്ഞിന് ജന്മം നല്കാൻ കഴിയാത്തത് കൊണ്ട് ആൺകുഞ്ഞിനുവേണ്ടി പുനർവിവാഹം കഴിക്കുമെന്നു ഭർത്താവ് പറഞ്ഞതായും പരാതിയിൽ പറയുന്നുണ്ട്.

കഴിഞ്ഞ ഒമ്പത് മാസമായി യുവതി പിതാവിനൊപ്പം സ്വന്തം വീട്ടിലാണ് കഴിഞ്ഞിരുന്നത്. യുവതി നേരത്തെ നൽകിയിരുന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഇരുവരേയും കൗൺസിലിംങിന് വിളിച്ചിരുന്നു. ഇതിനു ശേഷമാണ് മുത്തലാഖ് ചൊല്ലിയതെന്നാണ് പോലീസ് പറയുന്നത്. പരാതിയിൽ ആരെയും അറസ്റ്റു ചെയ്തിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.

സെക്കന്ദരാബാദിൽ അടുത്തകാലത്ത് രണ്ട് മുത്തലാഖ് കേസ് കൂടി രജിസ്റ്റർ ചെയ്തിരുന്നു. വാട്‍സ്ആപ്പ് കോളിലൂടെ മുത്തലാഖ് ചൊല്ലിയ സ്കൂൾ പ്രിൻസിപ്പലിനെതിരെയും കേസെടുത്തിരുന്നു.

Content highlight; wife claims husband gives triple talaq for not delivering a male child