ജെഎൻയു വിദ്യാർഥി പ്രക്ഷോഭം ശക്തം; നാളെ പാർലമെൻ്റിലേക്ക്‌ പ്രതിഷേധ മാർച്ച്‌

പൊതുവിദ്യാഭ്യാസം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ ജെഎൻയു വിദ്യാർഥി യൂണിയൻ ശനിയാഴ്‌ച പാർലമെൻ്റിലേക്ക്‌ ബഹുജനമാർച്ച്‌സംഘടിപ്പിക്കും. എല്ലാവർക്കും താങ്ങാവുന്ന ചെലവിൽ തുല്യമായ വിദ്യാഭ്യാസം അവകാശമാണെന്ന ആവശ്യമുയർത്തിയാണ്‌ മണ്ഡിഹൗസിൽനിന്ന്‌ പാർലമെൻ്റിലേക്ക്‌ മാർച്ച്‌. ജെഎൻയു വിദ്യാർഥികൾക്കൊപ്പം വിവിധ സർവകാലാശാലകളിലെ വിദ്യാർഥികളും പൂർവവിദ്യാർഥികളും അണിനിരക്കും.

ഫീസ്‌ വർധന പിൻവലിക്കുക, ഫെലോഷിപ്പും ബജറ്റിൽ വിദ്യാഭ്യാസത്തിനുള്ള തുകയും വെട്ടിക്കുറയ്‌ക്കുന്നത്‌ അവസാനിപ്പിക്കുക, വിദ്യാഭ്യാസസ്ഥാപനങ്ങൾ കൊള്ളലാഭമുണ്ടാക്കാനുള്ള കേന്ദ്രങ്ങളാക്കുന്ന നയം അവസാനിപ്പിക്കുക, പുതിയ വിദ്യാഭ്യാസനയം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ മാർച്ച്‌.

വിദ്യാര്‍ഥികള്‍ യുണിവേഴ്‌സിറ്റി അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിന് മുന്നില്‍ പ്രതിഷേധം തുടരുകയാണ്. നിലവിലെ ഫീസ് അംഗീകരിക്കാന്‍ കഴിയില്ലെന്നും സമരത്തില്‍ നിന്ന് പിന്മാറില്ലെന്നും വിദ്യാര്‍ഥികള്‍ നേരത്തെ അറിയിച്ചിരുന്നു

മെസ് സെക്യൂരിറ്റിയായി കൊടുക്കേണ്ട തുക 5500ല്‍ നിന്നും 12000 രൂപയാക്കിയും ഹോസ്റ്റല്‍ ഫീസ് ഒറ്റക്കുള്ള റൂമിന് 20ല്‍ നിന്നും 600 ആയും രണ്ടില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ താമസിക്കുന്ന റൂമിന് 10 രൂപയില്‍ നിന്നും 300 രൂപയായുമാണ് വര്‍ധിപ്പിച്ചത്. ഒപ്പം ഹോസ്റ്റല്‍ അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടി 1700 രൂപ വീതം വിദ്യാര്‍ഥികള്‍ അടക്കുകയും വേണമെന്നായിരുന്നു തീരുമാനം.

Content highlight; JNU protest march to parliament from tomorrow