മഹാരാഷ്ട്രയിൽ വൻരാഷ്ട്രീയ നീക്കം സൃഷ്ടിച്ചു കൊണ്ട് ബിജെപി–എന്‍സിപി സർക്കാർ അധികാരമേറ്റു. ബിജെപി ഇതര സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയും കോണ്‍ഗ്രസും എന്‍സിപിയും തമ്മില്‍ ധാരണയിലെത്തിയതിനു തൊട്ടുപിന്നാലെയാണ് അപ്രതീക്ഷിതമായി ദേവേന്ദ്ര ഫഡ്നാവിസ് ഇന്നു രാവിലെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ഒരു മാസം കഴിഞ്ഞും മന്ത്രിസഭാ രൂപീകരണം അനിശ്ചിതത്വത്തിലായിരുന്നു. സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ഇന്ന് മൂന്നു കക്ഷികളും സംയുക്തമായി പ്രഖ്യാപനം നടത്താനിരിക്കെയായിരുന്നു മഹാരാഷ്ട്രയിൽ ഇന്ന് രാവിലെ രാഷ്ട്രീയ കാലാവസ്ഥ തകിടം മറിഞ്ഞത്. എന്‍സിപി നേതാവും ശരദ് പവാറിൻറെ അനന്തരവനായ അജിത് പവാറിന് ഉപമുഖ്യമന്ത്രി സ്ഥാനം നല്കി ബിജെപി നടത്തിയ അപ്രതീക്ഷിതനീക്കമാണ് ഫഡ്നാവിസിൻറെ സത്യപ്രതിജ്ഞയിലെത്തിയത്.
അര്‍ധരാത്രിയിലെ നാടകീയ നീക്കത്തിനൊടുവില്‍ കോണ്‍ഗ്രസിനും ശിവസേനക്കും തിരിച്ചടി നല്‍കിക്കൊണ്ടാണ് മഹാരാഷ്ട്രയിൽ ബിജെപി എന്‍സിപി സര്‍ക്കാര്‍ രൂപീകരിച്ചത്.
നീക്കം കര്‍ഷകര്‍ക്ക് വേണ്ടിയാണെന്നും വേണ്ടത് സ്ഥിരതയുള്ള സർക്കാരെന്ന് സത്യപ്രതിജ്ഞയ്ക്ക് ശേഷം അജിത് പവാര്‍ പ്രതികരിച്ചു. ജനം പിന്തുണച്ചത് ബിജെപിയെ എന്ന് ഫഡ്നാവിസ് കൂട്ടിച്ചേർത്തു. അജിത് പവാറിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമിത്ഷായ്ക്കും ഫട്നാവിസ് നന്ദി രേഖപ്പെടുത്തി. കൂടുതൽ നേതാക്കൾ ഒപ്പം വരുമെന്ന് ഫഡ് നാവിസ് പറഞ്ഞു. ശരദ് പവാറിൻറെ അറിവോടെയാണ് അജിത് പവാർ എൻസിപി പിളർത്തിയെന്നാണ് സൂചന.
ശിവസേനയെ ഞെട്ടിച്ചാണ് മഹാരാഷ്ട്രയില്‍ ബിജെപി എന്‍സിപിയുടെ നാടകീയ നീക്കം. ശിവസേന–എന്‍സിപി–കോണ്‍ഗ്രസ് സഖ്യം മഹാരാഷ്ട്രയില്‍ അവകാശവാദം ഉന്നയിക്കാന്‍ ഗവര്‍ണറെ കാണാനുള്ള സമയവും തീരുമാനിച്ചിരിക്കെയാണ് ഈ രാഷ്ട്രീയ നാടകം.
എന്നാൽ ഇത് എൻസിപിയുടെ തീരുമാനമല്ലെന്നും ശരദ് പവാറിൻറെ പിന്തുണ ഈ നീക്കത്തിനില്ലെന്നും മുതിർന്ന എൻസിപി നേതാവ് പ്രഫുൽ പട്ടേൽ അഭിപ്രായം ഇതിനോടകം രേഖപ്പെടുത്തി. മഹാരാഷ്ട്രയുടെ ശോഭന ഭാവിക്കായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനും ഉപമുഖ്യമന്ത്രി അജിത് പവാറിനും ശുഷ്കാന്തിയോടെ പ്രവർത്തിക്കാനാകുമെന്നതിൽ ആത്മവിശ്വാസമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തൻറെ ട്വിറ്ററിൽ ഇരുവരുടെയും സത്യപ്രതിജ്ഞ ചെയ്തതിനു തൊട്ടുപിന്നാലെ പോസ്റ്റ് ചെയ്തു.
Content highlight; Maharashta new govt. formation ; Devendra Fadnavis taking oath as CM and Ajith pawar as deputy CM, Nationalist Congress Party (NCP)