ഗൂഗിള്‍ പേ മൊബൈല്‍ ആപ്പ് വഴി അയച്ച പണം അക്കൗണ്ടിലെത്തിയില്ല, അന്വേഷിച്ചപ്പോള്‍ കാലിയായത് യുവാവിൻറെ 2 ബാങ്ക് അക്കൗണ്ടുകളാണ്. സംഭവത്തിനു പിന്നില്‍ വ്യാജ ഗൂഗിള്‍ പേ കസ്റ്റമര്‍ കെയര്‍ സംഘമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഗൂഗിളില്‍ തിരഞ്ഞപ്പോള്‍ ലഭിച്ച നമ്പറുകളാണ് ഈ പ്രശ്‌നം സൃഷ്ടിച്ചത്. ആ നമ്പറിലേക്ക് തിരിച്ചുവിളിച്ച് അയച്ചു തന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തപ്പോഴാണ് പണം നഷ്ടമായത്. ലിങ്കില്‍ ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ നല്‍കിയതോടെ ആപ്പുമായി ബന്ധിപ്പിച്ചിരുന്ന 2 ബാങ്ക് അക്കൗണ്ടുകളും കാലിയാകുകയായിരുന്നു.
ഗൂഗിള്‍ പേ ഉള്‍പ്പെടെയുള്ള പേയ്മെൻ്റ് സര്‍വീസുകളുടെ വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകൾ വഴിയുള്ള ന്യൂജെന്‍ തട്ടിപ്പ് വ്യാപകമായിരിക്കുന്നു. പരാതികള്‍ പരിഹരിക്കാനെന്ന മട്ടില്‍ വ്യാജ സൈറ്റുകളില്‍ നല്‍കിയിരിക്കുന്ന നമ്പറുകള്‍ വഴിയാണു തട്ടിപ്പ്. ഗൂഗിള്‍ പേ പോലെയുള്ള യുപിഐ ആപ്ലിക്കേഷനുകളുടെ സാങ്കേതികത്വം അറിയാത്തവര്‍ ഇതില്‍ കുടുങ്ങുമെന്നുറപ്പാണ്. ഇ-കൊമേഴ്സ് സൈറ്റുകളിലെ റീഫണ്ട് വാങ്ങിത്തരമാമെന്ന പേരില്‍ ലക്ഷങ്ങളുടെ സൈബര്‍ തട്ടിപ്പ് നടക്കുന്നതായി പൊലീസിൻറെ സൈബര്‍ സുരക്ഷാ വിഭാഗമായി സൈബര്‍ഡോം കണ്ടെത്തിയിട്ടുണ്ട്.
തട്ടിപ്പിൻറെ പശ്ചാത്തലത്തില്‍ ഗൂഗിളില്‍ വിവിധ പേയ്മെൻ്റ് സര്‍വീസുകളുടെയും ഇ-കൊമേഴ്സ് സൈറ്റുകളുടെയും പേരിലുള്ള കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ തിരഞ്ഞപ്പോള്‍ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍. 100 കണക്കിനു നമ്പറുകളാണു ട്വിറ്ററിലും മറ്റുമായി പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഗൂഗിള്‍ പേ എന്ന കീവേഡ് ഉള്ളതിനാല്‍ ഗൂഗിള്‍ സെര്‍ച്ചിലെ ആദ്യ പേജില്‍ തന്നെ ഇവ കാണാം. മിക്ക ട്വീറ്റുകളുടെ ചുവടെ ഈ നമ്പറുകള്‍ക്കോ അക്കൗണ്ടുകള്‍ക്കോ ഗൂഗിള്‍ പേയുമായി യാതൊരു ബന്ധവുമില്ലെന്നു ഗൂഗിള്‍ പേയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ മറുപടിയും നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇവ ആരും ശ്രദ്ധിക്കാറില്ല. ഔദ്യോഗിക സൈറ്റുകളില്‍ കയറി മാത്രം കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍, ഇമെയില്‍ വിലാസങ്ങള്‍ എന്നിവ ശേഖരിക്കുക. ഗൂഗിള്‍ പേ പോലെയുള്ള സേവനങ്ങള്‍ക്ക് പ്രത്യേക നമ്പര്‍ ഇല്ലെന്നതും ഓര്‍മ്മിക്കുക. ആപ് വഴിയും ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ വഴിയും മാത്രമേ അവര്‍ പരാതികള്‍ സ്വീകരിക്കൂ.
തട്ടിപ്പിനിരയായാല്‍ ഒരു നിമിഷംപോലും പാഴാക്കാതെ ജില്ലയിലെ സൈബര്‍ പൊലീസ് സ്റ്റേഷനിലോ ക്രൈം സ്റ്റോപ്പര്‍ നമ്പറായ 1090 ഡയല്‍ ചെയ്യാം. പൊലീസില്‍ നിന്നു ലഭിക്കുന്ന ഇമെയില്‍ വിലാസത്തില്‍ കാര്‍ഡ് നമ്പര്‍, ട്രാന്‍സാക്‌ഷന്‍ നമ്പര്‍, മോഷ്ടിക്കപ്പെട്ട തുക എന്നിവ മെയില്‍ ആയി അയയ്ക്കാം. ബാങ്കില്‍ നിന്നു ലഭിക്കുന്ന മെസേജില്‍ ഈ വിവരങ്ങളുണ്ടാകും. ഇത് സ്ക്രീന്‍ഷോട്ടായി അയയ്ക്കാവുന്നതാണ്.
Content highlight; google pay fake customer care number fraud beware