സാഹസികതയ്ക്കിടെ ലോകപ്രശസ്ത റോക് ക്ലൈംബര്‍ ബ്രാഡ് ഗോബ്രൈറ്റ് വീണു മരിച്ചു

Brad Gobright

സാഹസികതയ്ക്കിടെ ലോകപ്രശസ്ത റോക് ക്ലൈംബര്‍ ബ്രാഡ് ഗോബ്രൈറ്റ് വീണുമരിച്ചു. വടക്കന്‍ മെക്സിക്കോയിലെ കിഴക്കാംതൂക്കായ പാറക്കൂട്ടത്തില്‍ ക്ലൈംബിങ് നടത്തുന്നതിനിടെയാണ് ബ്രാഡ് ഗോബ്രൈറ്റ് വീണ് മരിച്ചത്. അമേരിക്കന്‍ പൗരനായ ഗോബ്രൈറ്റിന് 31 വയസായിരുന്നു പ്രായം. വ്യാഴാഴ്ച മെക്സിക്കോയിലെ വടക്കന്‍ സംസ്ഥാനമായ ന്യുയെവോ ലെയോണിലെ ഷൈനിങ് പാത്ത് എന്നറിയപ്പെടുന്ന മേഖലയില്‍ ക്ലൈംബിങ് നടത്തുന്നതിനിടെ പിടിവിട്ട് താഴെ വീഴുകയായിരുന്നു.

900 മീറ്ററോളം ഉയരത്തിൽ ഗോബ്രൈറ്റ് കയറിയിരുന്നു. തിരിച്ചിറങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. 300 മീറ്ററോളം താഴേക്ക് പതിക്കുകയായിരുന്നു. കൂട്ടാളിയായി അമേരിക്കക്കാരനായ ഐദന്‍ ജേക്കബ്‌സണ്‍ എന്നയാളുമുണ്ടായിരുന്നു. ഇരുവരും താഴേക്ക് പോയെങ്കിലും  ജേക്കബ്‌സണ്‍ പാറയുടെ തള്ളിനില്‍ക്കുന്ന ഭാഗത്തിലേക്ക് ചാടി നില്‍ക്കാന്‍ സാധിച്ചതിനാല്‍ മരണത്തില്‍ നിന്ന് രക്ഷപ്പെട്ടു.

ഗുരുത്വാകര്‍ഷണത്തെ വെല്ലുവിളിച്ച് സുരക്ഷക്ക് വേണ്ടിയുള്ള റോപുകള്‍ ഉപയോഗിക്കാതെ ഒറ്റയ്ക്ക് അപകടകരമായ പാറക്കെട്ടുകള്‍ കയറുന്നതാണ് ഗോബ്രൈറ്റിനെ വിനോദം. ഇതിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനാക്കിയത്.

Content Highlights; Brad Gobright falls to death in Mexico