മനുഷ്യരാശിക്ക് ഏറ്റവും വലിയ വെല്ലുവിളിയുയർത്തുന്ന വില്ലൻ ആരെന്ന് ചോദിച്ചാൽ, ഒരുപക്ഷേ കൃത്രിമ ബുദ്ധി, ആഗോള താപനം,ആണവ യുദ്ധം, അല്ലെങ്കിൽ മനുഷ്യൻ തന്നെ എന്നൊക്കെയാവാം പലരുടെയും ഉത്തരം. എന്നാൽ, ലോകത്താകമാനം നിലവിൽ ഏകദേശം 35 ദശലക്ഷത്തോളം പേരെ ബാധിച്ചിരിക്കുന്ന HIV AIDS എന്ന മഹാരോഗം ഇത്തരമൊരു വില്ലൻവേഷമണിയുമ്പോൾ ഏറ്റവും ഭയപ്പെടുത്തുന്ന വസ്തുത ഇതിന് പൂർണമായ പ്രതിവിധി കണ്ടെത്താൻ ഇതുവരെയും ശാസ്ത്രലോകത്തിന് കഴിഞ്ഞിട്ടില്ല എന്നതാണ്.
HIV, അഥവാ “ഹ്യൂമൻ ഇമ്മ്യൂണോഡെഫിഷ്യൻസി വൈറസ്” എന്നത് ഈ രോഗം പരത്തുന്ന വൈറസിന്റെ പേരും, AIDS അഥവാ “അക്വയേഡ് ഇമ്മ്യൂണോ ഡെഫിഷ്യൻസി സിൻഡ്രോം” എന്നത് ശരീരത്തിന്റെ പ്രതിരോധ സംവിധാനം പൂർണമായും പരാജയപ്പെടുന്ന അവസ്ഥയുടെ വൈദ്യശാസ്ത്രപരമായ പേരുമാണ്. എന്നാൽ, ഒരിക്കലും ചികിത്സിച്ച് ഭേദമാക്കാൻ കഴിയില്ല എന്ന് കരുതപ്പെട്ടിരുന്ന എയിഡ്സിന് മറുമരുന്ന് കണ്ടെത്തിയെന്ന വാർത്തയുമായി ലണ്ടനിലെ ശാസ്ത്രജ്ഞർ മാസങ്ങൾക്കു മുൻപ് രംഗത്തെത്തിയിരുന്നെങ്കിലും, അത് 100% പ്രായോഗികമായ പ്രതിവിധിയായിരുന്നില്ല. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു രോഗിയിൽ പരീക്ഷിച്ച് വിജയിച്ചു എന്നതായിരുന്നു അവരുടെ അവകാശവാദം. അർബുദവും എയിഡ്സും പിടിപെട്ട രോഗിയിൽ അർബുദ ചികിത്സാരീതിയായ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയപ്പോൾ, മാറ്റിവെച്ച കോശങ്ങൾ HIV വൈറസുകളെ പ്രതിരോധിച്ചത് മൂലമായിരുന്നു ഈ ഭാഗ്യപരീക്ഷണം വിജയിച്ചത്. എന്നാൽ, എയിഡ്സ് രോഗികളിൽ ഇത്തരമൊരു ചികിത്സ അത്ര നിസ്സാരമായി നടത്താവുന്ന ഒന്നല്ല. ചിലപ്പോൾ പാർശ്വഫലങ്ങൾ ഉണ്ടായേക്കാം എന്നതും മറ്റൊരു വെല്ലുവിളിയാണ്.
ലേസർ ആർട്ട് അഥവാ ലോങ്ങ് ആക്ടിങ് സ്ലോ ഇഫക്ടിവ് റിലീസ് ആന്റി റിട്രോവിയൽ തെറാപ്പി എന്ന സാങ്കേതികവിദ്യയാണ് ഏറ്റവും ഒടുവിൽ HIV പ്രതിരോധത്തിനായി ശാസ്ത്രലോകം കണ്ടെത്തിയിരിക്കുന്നത്. HIV ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്ന് കൂടുതൽ സമയം ശരീരത്തിൽ നിലനിർത്തുന്നതിനായി മരുന്നിന്റെ ആയുസ്സ് വർധിപ്പിക്കുന്ന രീതിയാണിത്. ഇത്തരത്തിൽ, മരുന്ന് കൂടുതൽ സമയം പ്രവർത്തിക്കുക വഴി ശരീരത്തിലെ HIVയുടെ അളവ് കുറയുന്നു. ശേഷം ബാക്കിയുള്ള വൈറസുകളെ HIV ജീനോമിനെ മുറിച്ചുകളയുന്ന പ്രക്രിയയായ ക്രിസ്പർ തെറാപ്പി വഴി നീക്കം ചെയ്യുന്നു. എന്നാൽ, ഈ ചികിത്സാരീതി പരീക്ഷിച്ചു വിജയിച്ചത് മനുഷ്യശരീരത്തിലല്ല, മറിച്ച് എലികളിലാണെന്നതാണ് വസ്തുത.
1988- മുതലാണ് എല്ലാ വർഷവും ഡിസംബർ ഒന്നാം തീയതി ലോക എയ്ഡ്സ് ദിനമായി ആചരിച്ചു തുടങ്ങിയത്. എയ്ഡ്സ് പ്രതിരോധ ബോധവത്കരണം ഏറ്റവും ഫലപ്രദമായി ജനങ്ങളിലേക്കെത്തിക്കുക, അതുവഴി രോഗവ്യാപനം തടയുക, എയ്ഡ്സ് ബാധിതരായവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കുയർത്തുക എന്നിവയാണ് പ്രധാനമായും ഓരോ വർഷത്തെയും എയ്ഡ്സ് ദിനാചരണംകൊണ്ട് ലക്ഷ്യമാക്കുന്നത്. ഇക്കാലയളവിനുള്ളിൽ പൊതുജനസമ്പർക്ക പരിപാടികളിലൂടെയും മറ്റും രോഗപ്രതിരോധ ബോധവത്കരണം പൊതുസമൂഹത്തിലേക്ക് പരമാവധി എത്തിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും, രോഗബാധിതരോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടിലും സമീപനത്തിലും മാറ്റം വരുത്താൻ ഇനിയും സാധിച്ചിട്ടില്ല. മറ്റേതു രോഗത്തിലും ഉറ്റവരെല്ലാം കൂടെ നിൽക്കുമ്പോഴും, ഏറ്റവുമടുത്ത കുടുംബം പോലും ഒറ്റപ്പെടുത്തുന്ന ചുരുക്കം ചില രോഗാവസ്ഥകളിൽ ഒന്നാണ് HIV AIDS. രോഗബാധിതർ ഇത്തരത്തിൽ അനുഭവിക്കുന്ന കടുത്ത ഒറ്റപ്പെടലും, അതുമൂലമുണ്ടാകുന്ന മാനസികവും വൈകാരികവുമായ സമ്മർദ്ദങ്ങളും ശരീരത്തിന്റെ പ്രതിരോധശേഷി നഷ്ട്ടപ്പെടുന്നതിനും, രോഗാവസ്ഥയുടെ കാഠിന്യം വർദ്ധിക്കുന്നതിനും, അതുവഴി ആയുസ്സ് തന്നെ കുറയുന്നതിനും വഴിവയ്ക്കും. ചുരുക്കത്തിൽ, ഒരു എയ്ഡ്സ് രോഗബാധിതൻ മരണപ്പെടുന്നതിന് HIV വൈറസ് മാത്രമല്ല, ആ വ്യക്തി ഉൾപ്പെടുന്ന സമൂഹവും കൂടിയാണ് കാരണക്കാർ.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 760 കോടിയോളം വരുന്ന ലോകജനസംഖ്യയിൽ ഏതാണ്ട് 35 ദശലക്ഷത്തോളം പേർ HIV ബാധിതരാണ്. ബാക്കി വരുന്ന ജനസംഖ്യയെ HIV മുക്തമായി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും വെല്ലുവിളിയുമാണ് ഓരോ എയ്ഡ്സ് ദിനാചരണവും ഓർമ്മിപ്പിക്കുന്നത്. അനാരോഗ്യപരമായ, HIV വൈറസ് പിടിപെടാൻ സാധ്യതയുള്ള സാഹചര്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി സ്വയം പ്രതിരോധം സൃഷ്ടിക്കുക എന്നത് മാത്രമാണ് ഈ വില്ലനെ തോൽപ്പിക്കാനുള്ള ഏക മാർഗ്ഗം.