ലഹരിവസ്തുക്കള്‍ സിനിമാ നടന്മാരിലേക്കെത്തുന്നത് മേക്കപ്പ് പെട്ടിയില്‍ ഒളിപ്പിച്ചുകൊണ്ടെന്ന് കണ്ടെത്തൽ. കൊക്കെയ്ന്‍ അടക്കമുള്ള രാസലഹരിവസ്തുക്കളാണ് മേക്കപ്പ് പെട്ടിയില്‍ ഒളിപ്പിച്ചുകടത്തി ഉപയോഗിക്കുന്നത്. ലഹരിവസ്തുക്കളുമായി പിടിക്കപ്പെട്ടവരുടെ മൊഴികളിൽ നിന്നാണ് എക്സൈസിന് ഈ വിവരം കിട്ടിയത്.
കാരവനില്‍ മേക്കപ്പിനിടയില്‍ ഇവ ഉപയോഗിക്കുന്നുണ്ട്. ഇവയുടെ ഉപയോഗം സ്വാഭാവികാഭിനയത്തിന് സഹായിക്കുമെന്നാണ് ചില യുവനടന്‍മാരുടെ വിശ്വാസം. ക്യാമറയ്ക്കുമുന്നില്‍ ആത്മവിശ്വാസം കൂടുമെന്ന തെറ്റായ ധാരണകളും ഇതിനു പിന്നിലുണ്ട്. സിനിമാ മേഖലയില്‍ തന്നെ ജോലിചെയ്യുന്ന ചില സാങ്കേതിക പ്രവര്‍ത്തകരാണ് ലൊക്കേഷനിലേക്ക് ലഹരിയെത്തിക്കുന്നതെന്നും എക്സെെസിന് വിവരം ലഭിച്ചു.
എറണാകുളത്തു നിന്ന് 10 കിലോ കഞ്ചാവുമായി യുവാവിനെ എറണാകുളം എക്സൈസ് സി.ഐ. പിടികൂടിയിരുന്നു. കൊച്ചിയിലെ സിനിമാ ലൊക്കേഷനിലേക്ക് കൊണ്ടുവന്ന കഞ്ചാവെന്നാണ് ഇയാള്‍ മൊഴിനല്‍കിയത്. തിരുവനന്തപുരത്ത് 11.5 കോടിയുടെ ഹാഷിഷ് ഓയില്‍ എക്സൈസ് പിടികൂടിയ സംഘത്തെ ചോദ്യം ചെയ്തപ്പോഴും ഒരു നടന് ലഹരി എത്തിക്കാറുണ്ടെന്ന് മൊഴിയുണ്ടായിരുന്നു.
കൊച്ചിയില്‍ 2016-ല്‍ നടന്ന സെലിബ്രിറ്റി ബാഡ്മിന്റണ്‍ ലീഗിലും ചിലര്‍ ലഹരിയുപയോഗിച്ചതായി വിവരം ലഭിച്ചതോടെ പരിശോധന നടന്നു. ആന്ധ്രയില്‍നിന്നെത്തിയ ഒരു സംഘത്തിൻറെ കൈയില്‍നിന്ന് കൊക്കെയ്ന്‍ കണ്ടെത്തി. മന്ത്രി എ.കെ. ബാലൻ അന്ന് സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം കണ്ടെത്താനുള്ള അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Content Highlights; drug use on Malayalam film industry