ഓസ്ട്രേലിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വാക്ക് ഫ്രീ ഫൗണ്ടേഷന് നടത്തിയ പഠനത്തിൽ ലോകത്തെ അടിമകളെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ലോകത്താകമാനം 2.96 കോടി അടിമകളുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. അതില്‍ 1.33 കോടി മുതല്‍ 1.47 കോടി വരെ അടിമകള്‍ ഇന്ത്യയില്‍ ആണ് ഉള്ളത്. കൊല്‍ക്കത്ത നഗരത്തിലെ മൊത്തം ജനസംഖ്യയോളം വരും ഇത്. കൃത്യമായ മാനദണ്ഡങ്ങള്‍ വച്ചിട്ടാണ് വാക്ക് ഫ്രീ ഫൗണ്ടേഷന് അടിമകളെ നിര്‍വചിച്ചിരിക്കുന്നത്. ബാല്യ വിവാഹവും, മനുഷ്യക്കടത്തും, പണം കടംവാങ്ങിയതിന്റെ പേരിലുള്ള അടിമത്തവും, നിര്‍ബന്ധിത വിവാഹവും, നിര്‍ബന്ധിത ജോലിയും ഒക്കെ അടിസ്ഥാനമാക്കിയതാണ് ഇത്.
162 രാജ്യങ്ങളാണ് അടിമത്തം തുടരുന്ന പട്ടികയില്‍ ഉള്ളത്. ഒന്നാം സ്ഥാനം ഇന്ത്യക്കാണെങ്കില്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നമ്മുടെ അയല്‍ രാജ്യങ്ങള്‍ക്കാണ്. ചൈന, പാകിസ്താൻ, നൈജീരിയ, എത്യോപ്യ, റഷ്യ, തായ്ലാന്ഡ്, കോംഗോ, മ്യാന്മര്, ബംഗ്ലാദേശ് എന്നിങ്ങനെ പട്ടിക നീളുന്നു. മേല്‍പ്പറഞ്ഞ 10 രാജ്യങ്ങളിലാണ് ലോകത്തിലെ അടിമകളില്‍ മുക്കാല്‍ ഭാഗവും ഉള്ളതെന്നാണ് പഠനം സൂചിപ്പിക്കുന്നത്. ജനസംഖ്യാ അനുപാതം കണക്കെടുക്കുമ്പോള്‍ ഇന്ത്യയുടെ സ്ഥാനം പട്ടികയില്‍ നാലാമതാണ്. മൗറിതാനിയ, ഹൈത്തി, പാകിസ്താന് എന്നീ രാഷ്ട്രങ്ങളാണ് അടിമകളുടെ എണ്ണത്തില്‍ നമുക്ക് മുകളില്‍ ഉള്ളത്. മൂന്ന് കോടിയോളം വരുന്ന അടിമകളില്‍ രണ്ട് കോടിയോളം പേര് നിര്‍ബന്ധിത തൊഴിലുകള്‍ക്ക് നിയോഗിക്കപ്പെടുന്നവരത്രെ. ഇതില്‍ നാല് ശതമാനത്തോളം പേര് പരമ്പരാഗതമായി ഇതില്‍ പെട്ടുപോകുന്നവരാണ്. മറ്റുള്ളവര്‍ മനുഷ്യക്കടത്തിൻറെ ഭാഗമായോ ചിലപ്പോഴൊക്കെ വില്പനയുടെ ഭാഗമായോ എത്തപ്പെടുന്നുണ്ട്. ലൈംഗിക ചൂഷണവും ഇവിടങ്ങളില്‍ ഏറെയാണെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
ഡിസംബർ രണ്ട് അന്തരാഷ്ട്ര അടിമത്ത നിർമാർജന ദിനമായി ആചരിക്കുമ്പോൾ എന്താണ് അടിമത്തമെന്നും നൂറ്റാണ്ടുകളായി നിലനിന്നിരുന്ന അടിമത്ത ചരിത്രവും നാം മനസിലാക്കണം. ശരീരവും ജീവനും കുടുംബവും മറ്റൊരാൾക്ക് കീഴ്പ്പെട്ട് ജീവിതം നയിക്കേണ്ടി വരുന്ന അവസ്ഥയാണ് അടിമത്തം. ഒരു മനുഷ്യൻ അന്യൻറെ സമ്പൂർണാധികാരത്തിനു വിധേയനായി തീരുന്ന സ്ഥിതിയാണ് അടിമത്തം എന്ന് 1926ൽ ലീഗ് ഓഫ് നേഷൻസ് അടിമത്തത്തെ നിർവ്വചിച്ചിരിക്കുന്നു. ഉടമസ്ഥൻറെ ജംഗമ വസ്തു അഥവാ ചലിക്കുന്ന സ്വത്ത് (movable property) ആയിത്തീരുന്ന അടിമ അയാളുടെ സമ്പൂർണാധികാരത്തിനു അധീനനായി ജീവിതകാലം മുഴുവൻ ജീവിക്കാൻ നിയോഗിക്കപ്പെട്ടിരിക്കുന്നു.
അന്യ നാടുകളിൽ നിന്ന് അടിമകളെ സമ്പാദിക്കുവാൻ അതിപ്രാചീനമാർഗ്ഗം യുദ്ധ മായിരുന്നു. സംഘടിത ശക്തിയും കേന്ദ്രീകൃതമായ അധികാരവും വൻതോതിലുള്ള കൃഷിയും വ്യവസായവുമെല്ലാം അടിമത്തത്തിൻറെ വളർച്ചയ്ക്ക് കാരണമായി. നിയമത്തിൻറെ മുമ്പിൽ അടിമ ഒരു വ്യക്തിയേ അല്ലായിരുന്ന ഒരു കാലഘട്ടം നിലനിന്നിരുന്നു. മിക്ക ഉടമാ സമുദായങ്ങളും അടിമ ഒരു മനുഷ്യ ജീവിയാണെന്ന കാര്യം തന്നെ ഓർത്തിരുന്നില്ല. വേതനം നൽകുന്നവൻറെ ആശ്രിതനോ കീഴാളനോ ദാസനോ ആണ് തൊഴിലാളി എന്നതായിരുന്നു വിശ്വാസം. ആശ്രിത തൊഴിലിൻറെ (dependent labour) നീചമായ വകഭേദമാണ് അടിമത്തം. ഇന്ത്യയിലെ ശൂദ്രർ, ബാബിലോണിയയിലെ മുഷ്കെനു (Mushkenu), ചൈനയിലെ കോ (Ko’), റോമിലെ ക്ളയൻ്റസ് (Clients) എന്നിവരെല്ലാം അടിമകളെപ്പോലെ വേല ചെയ്തിരുന്ന ആശ്രിത തൊഴിലാളികളായിരുന്നു. പ്രാചീന റോമാസാമ്രാജ്യം, പ്രാചീന ഗ്രീസ്, യു.എസ്സിലെ തെക്കൻ സംസ്ഥാനങ്ങൾ എന്നിവയുടെ സമ്പദ് വ്യവവസ്ഥ തന്നെ അടിമത്തൊഴിലിൽ അധിഷ്ഠിതമായിരുന്നു.
പരാജിതരായ ശത്രുക്കളെ തടവുകാരായി പിടിച്ച് അടിമകളാക്കി ഉൽപാദനം സുഗമമാക്കുന്ന രീതിയുണ്ടായിരുന്നു. കച്ചവടം വഴി അടിമകളെ വാങ്ങുന്നതായിരുന്നു മറ്റൊരു മാർഗം. പിന്നീട് അടിമസ്ത്രീകളുടെ കുട്ടികളും അടിമകളായി മാറി തുടങ്ങി. അടിമവ്യാപാരം വൻകിട വ്യാപാരമായത് 17-ാം നൂറ്റാണ്ട് മുതൽക്കാണ്. തോട്ടിപ്പണി തൊട്ട് മന്ത്രിയുടെ ജോലികൾ വരെ അടിമകൾ ചെയ്തിരുന്നു. ഏറ്റവും പ്രയാസ മേറിയ ഖനികളിലെ ജോലികൾ തുടങ്ങി കൃഷിപ്പണി, വ്യവസായ ശാലകളിലെ പണി മുതലായ ജോലികൾ ചെയ്യുന്നവരുൾപ്പടെ കണക്കപ്പിള്ള, എഴുത്തുകാർ, കച്ചവടക്കാർ, അദ്ധ്യാപകർ, നടൻമാർ, ഗുസ്തിക്കാർ, കാവൽക്കാർ, പട്ടാളക്കാർ, മല്ലൻമാർ, വേശ്യകൾ, സുൽത്താൻമാരുടെയും പ്രഭുക്കളുടെയും അന്തഃപുരാംഗങ്ങൾ എന്നിവരിലും അടിമകളാക്കപ്പെട്ടവർ ഉണ്ടായിരുന്നു.
അടിമത്തത്തെപ്പറ്റിയുള്ള ആദ്യകാല ചരിത്രരേഖകൾ കാണുന്നത് ബാബിലോണിയയിലാണ്. ഇവിടെ മൂന്നു വിഭാഗങ്ങളാണുണ്ടായിരുന്നത്. പ്രഭുക്കൾ, സാധാരണക്കാർ, അടിമകൾ. ഹമ്മുറബിയുടെ (ആദി ബാബിലോണിയൻ സാമ്രാജ്യ സ്ഥാപകൻ) നിയമ സംഹിതയനുസരിച്ച് അടിമകൾക്ക് സ്വത്തവകാശമുണ്ടായിരുന്നു. അവർക്ക് വിവാഹം ചെയ്യാമായിരുന്നു. ഒളിച്ചു രക്ഷപ്പെടാൻ ശ്രമിച്ചിരുന്ന അടിമകളെ മാത്രമേ പൂട്ടി വച്ചിരുന്നുള്ളു. ഈജിപ്തിലെ വൻപിരമിഡുകൾ നിർമ്മിക്കുന്നതിന് അടിമകളെ ഉപയോഗിച്ചിരുന്നെന്നും വാദങ്ങൾ ചരിത്രകാരന്മാർക്കിടയിലുണ്ട്. മെരുക്കുവാൻ പ്രയാസമുള്ള അടിമകളെ, പ്രത്യേകിച്ച് ദൂര ദേശങ്ങളിൽ പണിയെടുക്കുന്നവരെ, ചങ്ങലയിട്ട് ബന്ധിക്കുന്ന പതിവ് ഗ്രീസിൽ നിലനിന്നിരുന്നു. റോമിൽ പൊതു അടിമകളും സ്വകാര്യ അടിമകളും ഉണ്ടായിരുന്നു. 1,000-ന് മേൽ 4,000 വരെ അടിമകളുള്ള സ്വകാര്യ ഉടമകൾ റോമിലും പരിസരത്തുള്ള ചെറു നഗരങ്ങളിലുമുണ്ടായിരുന്നു. ആദ്യകാലത്ത് റോമിലെ അടിമകൾക്ക് വിവാഹത്തിനവകാശമില്ലായിരുന്നു. വയസ്സായ അടിമകളെ ഏസ്കുലാപിയസ് ദ്വീപിൽ കൊണ്ട് ഉപേക്ഷിക്കുക എന്ന പതിവും ഉണ്ടായിരുന്നു. പ്രാചീന റോമിൽ അടിമത്തത്തിനെതിരെ ഒരടിമയായിരുന്ന സ്പാർട്ടാക്കസിൻറെ നേതൃത്വത്തിൽ നടന്ന വിപ്ളവം ചരിത്രപ്രസിദ്ധമാണ്.
ഇന്ത്യയിൽ
യുദ്ധത്തിൽ പിടിക്കപ്പെട്ടവർ (ധ്വജഹൃത), തന്നെത്താൻ വിറ്റവർ (ആത്മവിക്രയി), ദാസിക്കു ജനിച്ചവർ (ഉദരദാസ), ക്രീതൻ, ലബ്ധൻ, ദണ്ഡപ്രണീതൻ (നിയമവിധിപ്രകാരം അടിമയാക്കപ്പെട്ടവൻ), ആഹിതകൻ (പണയമായി വന്നവൻ) എന്നീ വിവിധ തരത്തിലായിരുന്നു ഇന്ത്യയിലെ അടിമകൾ. ഒറീസയിലെ പിന്നോക്കം നില്ക്കുന്ന ചില ജില്ലകളിൽ 1966 – 1967 ലെ ക്ഷാമകാലത്ത് നിരവധി കുട്ടികൾ വിൽക്കപ്പെട്ടിരുന്നുവെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ അടിമസമ്പ്രദായത്തിൽ പണിയർ, പറയർ, പുലയർ, ചെറുമർ, പള്ളർ മുതലായ ആദിമനിവാസികളെ ഓരോ ദേശങ്ങളിലെ പ്രമാണിമാർ കീഴടക്കി ബലം പ്രയോഗിച്ച് അടിമകളാക്കിയിരുന്നു. അടിമ വ്യക്തികൾക്കു പകരം, പ്രധാന തൊഴിലായ കൃഷിപ്പണിക്കായി അടിമജാതികൾ തന്നെ ഉണ്ടായിരുന്നതുകൊണ്ട്, അല്പാല്പം കൈമാറ്റങ്ങളല്ലാതെ വൻതോതിലുള്ള അടിമവ്യാപാരം ഇന്ത്യയിലുണ്ടായിരുന്നില്ല. ചില രാജാക്കൻമാർ അടിമകളെ തുറമുഖങ്ങളിൽ വിൽക്കുന്ന പതിവ് ഇന്ത്യയിൽ തുടങ്ങിയത് പറങ്കികളുടെ വരവിനുശേഷം മാത്രമായിരുന്നു. അടിമകളെ വിൽക്കുന്നവരിൽ നിന്ന് മധ്യകാല കേരളത്തിൽ ‘അടിമപ്പണം’ എന്നു പേരുള്ള വില്പന നികുതി ചില രാജാക്കൻമാർ പിരിച്ചിരുന്നു.
കേരളത്തിൽ
കേരളത്തിലെ അടിമത്തത്തെപ്പറ്റി വിശ്വസനീയമായ വിവരങ്ങളില്ല. ‘ചെറുമർ’ ആണ് കൃഷിപ്പണിക്കാരിൽ ഭൂരിഭാഗവും. പണിയെടുക്കാൻ പ്രാപ്തിയുള്ള ചെറുമന് രണ്ടിടങ്ങഴി നെല്ലാണ് ദിവസക്കൂലി. അടിമകളെ ജൻമമോ കാണമോ പാട്ടമോ ആയി കൈമാറാം. ഒരു ജോടി(ആണ് 1, പെണ്ണ് 1)യ്ക്ക് ജൻമവില 250-400 പണമാണ്. പാട്ടത്തിനാണെങ്കിൽ പുരുഷന് 8 പണവും സ്ത്രീയ്ക്ക് 4 പണവും. ചിറയ്ക്കൽ, കോട്ടയം, കോഴിക്കോട്, കുറുമ്പ്രനാട്, വയനാട് എന്നീ പഴയ മലബാർ താലൂക്കുകളിലെ അടിമകളുടെ എണ്ണം ഏതാണ്ട് ഒരു ലക്ഷമെന്നു കണക്കുകൂട്ടിയാൽ, പത്തൊൻപതാം ശതകത്തിൻറെ മധ്യകാലത്ത് ഏകദേശം 4.25 ലക്ഷം അടിമകൾ ഉണ്ടായിരുന്നുവെന്ന് കണക്കാക്കാം.
പറങ്കികളും മറ്റു യൂറോപ്യരും തുടങ്ങിയ അടിമക്കച്ചവടത്തിൽ കേരളീയരും വ്യാപൃതരായിരുന്നു. പരമ്പരാഗതമായ അടിമകളല്ലാതെ മറ്റുള്ള തിരുവിതാംകൂർ പ്രജകളെ നാട്ടിനകത്തോ പുറം രാജ്യങ്ങളിലോ വിപണനം ചെയ്യുന്നതു റാണി ലക്ഷ്മീബായി 1811-ൽ തടഞ്ഞു. ബ്രിട്ടിഷ് ഇന്ത്യൻ ഗവൺമെൻറ് 1843-ൽ അടിമസമ്പ്രദായം നിർത്തലാക്കി. കൊച്ചി 1854-ലും തിരുവിതാംകൂർ 1855-ലും അടിമസമ്പ്രദായം നിർത്തൽ ചെയ്തു. ‘ബഹുമാനപ്പെട്ട കമ്പനിയാരുടെ വിസ്തീർണമേറിയ രാജ്യങ്ങളിലൊള്ള അടിമകൾ അനുഭവിച്ചുവരുന്ന ഗുണങ്ങൾ ഇവിടെയുള്ള അടിമകൾക്കും ഉണ്ടാകേണ്ടതുകൊണ്ട്’ ഇന്നാട്ടിലെ(തിരുവിതാംകൂർ) അടിമകൾക്കും നിയമപരമായ വിമോചനം നല്കി. 1838-ൽ ബ്രിട്ടിഷ് ഗവൺമെൻ്റ് അടിമസമ്പ്രദായം തന്നെ നിർത്തുന്ന നിയമം പാസ്സാക്കി. 1878-ൽ പോർച്ചുഗലും 1827-ൽ മെക്സിക്കോയും നിയമങ്ങൾ പാസ്സാക്കിയിരുന്നു. യു.എസ്സിലെ പല സ്റ്റേറ്റുകളും 1777 മുതൽ അടിമത്തം നിർത്തലാക്കാൻ ശ്രമം നടത്തിയെങ്കിലും ഇവയ്ക്ക് അടിമകളെ വടക്ക് നിന്ന് തെക്കൻ സ്റ്റേറ്റുകളിലേക്ക് മാറ്റുക മാത്രമാണുണ്ടായത്. 1863-ൽ അമേരിക്കൻ നീഗ്രോ അടിമകൾക്ക് വിമോചനം ലഭിച്ചു. ഇതിനായുള്ള ഭരണഘടനാമാറ്റം 1865-ലാണ് പാസ്സാക്കിയത്.
വർഷങ്ങൾക്ക് മുമ്പ് തന്നെ അടിമത്തം പൂർണമായും നിരോധിച്ചിട്ടും ഇന്നും നിലനിൽക്കുന്നു എന്നുള്ളത് ഭയപ്പെടുത്തുന്നതാണ്. പ്രത്യേകിച്ച് 162 രാജ്യങ്ങൾ ഉൾപ്പെട്ട അടിമത്ത പട്ടികയിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത് എന്നത് അവശ്വസനീയവുമാണ്. ഒരു ജനാധിപത്യ രാജ്യത്ത്, ആരെയും അടിമത്തത്തിൽ വെക്കുകയോ അടിമവൃത്തി ചെയ്യിക്കുകയോ ചെയ്യാൻ പാടുള്ളതല്ല. എല്ലാത്തരം അടിമത്തവും അടിമക്കച്ചവടവും നിരോധിച്ച് സാർവലൗകിക മനുഷ്യാവകാശ പ്രഖ്യാപനമാണ് ജനങ്ങളുടെ അവകാശം.
Content Highlights: International day for the abolition of slavery