ബിഎസ്6 എഞ്ചിനുമായി ടിവിഎസ് ജൂപ്പിറ്റര്‍ ക്ലാസിക് പരിഷ്‍കരിച്ച പതിപ്പ് വിപണിയിലിറങ്ങി

tvs jupiter with bs6 engine

ബിഎസ്6 എഞ്ചിനുമായി ടിവിഎസ് ജൂപ്പിറ്റര്‍ ക്ലാസിക് പരിഷ്‍കരിച്ച പതിപ്പ് വിപണിയിലിറങ്ങി. ജൂപ്പിറ്റര്‍ സ്‌കൂട്ടര്‍ നിരയില്‍ ബിഎസ് 6 പാലിക്കുന്ന ആദ്യ മോഡലാണ് ജൂപ്പിറ്റര്‍ ക്ലാസിക്. സ്‌കൂട്ടറില്‍ ഇടി-എഫ്‌ഐ (ഇക്കോ ത്രസ്റ്റ് ഫ്യൂവല്‍ ഇന്‍ജെക്ഷന്‍) സാങ്കേതികവിദ്യ നല്‍കിയ ബിഎസ് 6 പാലിക്കുന്ന 110 സിസി സ്‌കൂട്ടര്‍ മെച്ചപ്പെട്ട പെര്‍ഫോമന്‍സ് കാഴ്ച്ചവെയ്ക്കുമെന്നും കമ്പനി പറയുന്നു.

നിലവിലുള്ള അതേ 110 സിസി എന്‍ജിനാണ് ബിഎസ് 6 പാലിക്കുന്ന ടിവിഎസ് ജൂപ്പിറ്റര്‍ ക്ലാസിക് സ്‌കൂട്ടറിലും. 7,500 ആര്‍പിഎമ്മില്‍ 7.9 ബിഎച്ച്പി കരുത്തും 5,500 ആര്‍പിഎമ്മില്‍ 8 എന്‍എം ടോര്‍ക്കും ഈ മോട്ടോര്‍ ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി സിവിടി (കണ്ടിനുവസ്‌ലി വേരിയബിള്‍ ട്രാന്‍സ്മിഷന്‍) ചേര്‍ത്തുവെച്ചു. ടിവിഎസ് പാറ്റൻ്റ് നേടിയ ‘ഇക്കണോമീറ്റര്‍’ സ്‌കൂട്ടറിൻറെ സവിശേഷതയാണ്.

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍, പിറകില്‍ പ്രത്യേകം ക്രമീകരിക്കാവുന്ന ഷോക്ക് അബ്‌സോര്‍ബറുകള്‍, സ്റ്റാന്‍ഡേഡായി 130 എംഎം ഡ്രം ബ്രേക്കുകള്‍ എന്നിവയും, മുന്നില്‍ ഓപ്ഷണലായി ലഭിക്കുന്ന ഡിസ്‌ക് ബ്രേക്ക് യുഎസ്ബി ചാര്‍ജര്‍, മൊബെെല്‍ ഫോണ്‍ സൂക്ഷിക്കുന്നതിന് മുന്നില്‍ പ്രത്യേക ഇടം, പുതിയ ടിൻ്റഡ് വൈസര്‍, യുഎസ്ബി ചാര്‍ജര്‍ എന്നീ പ്രത്യേകതകളോടെയാണ് ടിവിഎസ് ജൂപ്പിറ്റര്‍ ക്ലാസിക് എത്തുന്നത്.

സ്റ്റാന്‍ഡേഡ്, ഇസഡ്എക്‌സ് (ഡിസ്‌ക് & ഡ്രം), ക്ലാസിക്, ഗ്രാന്‍ഡേ എന്നീ വേരിയൻ്റുകളിലാണ് ടിവിഎസ് ജൂപ്പിറ്റര്‍ ലഭിക്കുന്നത്. 67,911 രൂപയാണ് പുതിയ വാഹനത്തിന്‍റെ ദില്ലി എക്‌സ് ഷോറൂം വില.