ജെ.എന്‍.യുവില്‍ ഡിസംബര്‍ 12 ന് നടക്കാനിരിക്കുന്ന അവസാന സെമസ്റ്റര്‍ പരീക്ഷ എല്ലാ വിദ്യാര്‍ത്ഥികളും ബഹിഷ്ക്കരിക്കും. ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന് ജനറല്‍ ബോഡിയുടേതാണ് തീരുമാനം. ഹോസ്റ്റല്‍ ഫീസ് വര്‍ധനക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് പരീക്ഷ ബഹിഷ്കരണം. ഹോസ്ററല് ഫീസ് വര്‍ധന പൂര്‍ണ്ണമായി പിൻവലിക്കും വരെ പ്രതിഷേധം തുടരാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം. നേരത്തെ 18 ഡിപ്പാര്‍ട്ടുമെന്റുകളിലെ വിദ്യാര്‍ത്ഥികളാണ് പരീക്ഷ ബഹിഷ്കരിക്കാന്‍ തീരുമാനിച്ചിരുന്നത്.
സമരം രാജ്യ വ്യാപകമാക്കാനും വിദ്യാര്‍ത്ഥി യൂണിയന് ജനറല്‍ ബോഡി തീരുമാനിച്ചു. സഹകരിക്കുന്ന എല്ലാ വിദ്യാര്‍ത്ഥി സംഘടകളേയും ചേര്‍ത്തായിരിക്കും പ്രതിഷേധം സംഘടിപ്പിക്കുക. ഇന്നലെ ജെ.എന്‍.യു അധ്യാപക അസോസിയേഷന് നിരാഹാര സമരം നടത്തിയിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥി സമരം അവസാനിപ്പിക്കാനാണ് സര്‍വകലാശാല അധികൃതരുടെ ശ്രമം. അക്കാദമിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി പരീക്ഷ എഴുതിയല്ലെങ്കില് പുറത്താക്കുമെന്നാണ് അറിയിപ്പ്.
Content highlights; JNU students boycotting the last semester exam