ബലാത്സംഗ കേസിനെ തുടര്‍ന്ന് രാജ്യം വിട്ട വിവാദ സ്വാമി നിത്യാനന്ദ സ്വകാര്യ ദീപ് വാങ്ങി കൈലാസം എന്ന പേരില്‍ ‘സ്വന്തം രാജ്യം’ സ്ഥാപിച്ചു. ഇക്കാര്യം നിത്യാനന്ദ തന്നെയാണ് വെബ് സൈറ്റിലൂടെ പുറത്തുവിട്ടത്. ‘ഭൂമിയിലെ മഹത്തായ ഹിന്ദു രാജ്യം’ ആണെന്നാണ് കൈലാസത്തെകുറിച്ച് നിത്യാനന്ദ അവകാശപ്പെടുന്നത്.
പ്രധാനമന്ത്രിയും മന്ത്രിസഭയുമെല്ലാമുള്ള പരമാധികാര റിപ്പബ്ലിക് ആണിത്. സ്വന്തം രാജ്യത്ത് ഹിന്ദുത്വം ആചാരിക്കാന്‍ കഴിയാതെ ലോകത്തിലെ എല്ലാ ഭാഗത്തു നിന്നും കുടിയിറക്കപ്പെട്ട ഹിന്ദുക്കള്‍ക്കായുള്ള അതിര്‍ത്തികളില്ലാത്ത രാജ്യമാണ് കൈലാസമെന്നും വെബ്സൈറ്റിലൂടെ നിത്യാനന്ദ അവകാശപ്പെടുന്നു. രാജ്യത്തിന്റെ ഭാഷകള്‍ ഇംഗ്ലീഷും, സംസ്കൃതവും തമിഴുമാണ്. അതുപോലെ രാജ്യത്തിന്റെ ചിഹ്നം – പരമശിവന്, പരാശക്തി, നിത്യാനന്ദ, നന്ദി എന്നിവരാണ്.
സനാതന ധര്‍മ്മത്തില്‍ അടിസ്ഥാനമാക്കിയ ഭരണഘടന ഈ രാജ്യത്തിനുണ്ടാകുമെന്നും രാജ്യസുരക്ഷ, ആഭ്യന്തരസുരക്ഷ, ധനകാര്യം, വ്യാപാരം, പാര്‍പ്പിടം, വിദ്യാഭ്യാസം, ടെക്നോളജി, ആരോഗ്യം, മാനുഷിക സേവനം, ആത്മീയ ഉന്നതി എന്നീ വകുപ്പുകള്‍ അടങ്ങുന്നതാണ് കൈലാസത്തിലെ ഭരണകൂടമെന്നും നിത്യാനന്ദ വെബ്സൈറ്റില്‍ കുറിച്ചിരുന്നു.
ഒപ്പം പാസ്പോര്‍ട്ടിന്റെയും പതാകയുടെയും മാതൃകയും വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ലാറ്റിനമേരിക്കയിലെ ഇക്വഡോറെന്ന ദ്വീപിനെയാണ് നിത്യാനന്ദ സ്വന്തം രാജ്യമായി വിശേിഷിപ്പിക്കുന്നത്.
മാത്രമല്ല കൈലാസത്തിലെ ജനങ്ങള്‍ക്ക് ഭക്ഷണം, ആരോഗ്യപരിപാലനം, വിദ്യാഭ്യാസം എന്നിവ സൗജന്യമായിരിക്കും. എന്നാല്‍ രാജ്യം മുന്നോട്ടുകൊണ്ടുപോകുന്നതിന് പൗരന്മാര് ഉദാരമായി സംഭാവന നല്‍കണമെന്ന് നിത്യാനന്ദ വെബ്സൈറ്റിലൂടെ അറിയിച്ചു. നിത്യാനന്ദക്കെതിരെ ബലാത്സംഗ കേസും പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയ കേസുമുണ്ട്.
തങ്ങളുടെ രണ്ട് മക്കളെ നിത്യാനന്ദയുടെ അഹമ്മദാബാദിലെ ആശ്രമത്തില്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് ബംഗളൂരു സ്വദേശികളായ ദമ്പതികൾ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നിത്യനന്ദ രാജ്യം വിട്ടത്. പക്ഷേ നിത്യാനന്ദയുടെ പാസ്പോര്‍ട്ടിന്റെ കാലാവധി 2018 സെപ്തംബറില്‍ അവസാനിച്ചിരുന്നു. എന്നാല്‍ പാസ്പോര്‍ട്ട് ഇല്ലാതെ എങ്ങനെയാണ് ഇന്ത്യ വിട്ടതെന്ന് വ്യക്തമല്ല.
Content highlights: Nithyananda establishes his own nation named Kailasa near Ecuador