വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി തുര്‍ക്കിയില്‍ നിന്നും ഈജിപ്റ്റില്‍ നിന്നും കൂടുതല്‍ സവാള ഇറക്കുമതി ചെയ്യും. കേന്ദ്രമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. സസ്യാഹാരിയായതുകൊണ്ട് ഉള്ളി കഴിക്കാറില്ലെന്ന് വിലക്കയറ്റത്തെക്കുറിച്ചുള്ള ചോദ്യത്തിന് കേന്ദ്രമന്ത്രി അശ്വിനി കുമാര്‍ ചൗബേ മറുപടി നല്‍കിയത് വിവാദമായിരുന്നു. ഉള്ളി വില വര്‍ധനയ്ക്കെതിരെ കോണ്‍ഗ്രസ്സ് പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധം നടത്തിയിരുന്നു.
ഈജിപ്ത്, യൂറോപ്യന്‍ യൂണിയന് എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ സവാളകള്‍ ഇറക്കുമതി ചെയ്യാനാണ് തീരുമാനം. നാഫെഡ് വഴി രാജ്യത്തെ കര്‍ഷകരില്‍ നിന്ന് സവാള നേരിട്ടു സംഭരിക്കുകയും അത് കേന്ദ്രസര്‍ക്കാര്‍ നേരിട്ടു സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യുകയും ചെയ്യും.
വിപണിയില്‍ കൃത്യമായ നിരീക്ഷണത്തിനു സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കും. ഇക്കാര്യത്തില്‍ ചീഫ് സെക്രട്ടറിമാര്‍ക്കു കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം കത്തയച്ചു. അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രിമാരായ പിയൂഷ് ഗോയല്‍, നരേന്ദ്ര സിങ് തോമര്‍, കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ, പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് പി.കെ സിന്‍ഹ എന്നിവര്‍ പങ്കെടുത്തു.
Content highlights: onion import from Egypt and Turkey to control the onion price hike.