ഹെെദരാബാദ് കൊലപാതകത്തിൽ തെലങ്കാന ഹെെക്കോടതി ഇടപെടുന്നു

telangana high court on Hyderabad fake encounter

ഹൈദരബാദിൽ വെറ്ററിനറി ഡോക്ടറെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പൊലീസ് വധിച്ച സംഭവത്തിൽ തെലങ്കാന ഹൈക്കോടതി ഇടപെടുന്നു. വിവിധ സംഘടനകളിൽ പ്രവർത്തിക്കുന്ന ഒമ്പത് പേർ ചേർന്ന് നൽകിയ ഹർജിയെ തുടർന്നാണ് ഹൈക്കോടതിയുടെ തീരുമാനം. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി നൽകിയത്.

ഇന്നലെ രാവിലെയാണ് കേസിൽ ഉൾപ്പെട്ട നാല് പ്രതികളും പൊലീസ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ടത്. പ്രതികളുടെ മരണം പൊലീസ് നടത്തിയ ആസൂത്രിത കൊലപാതകമാണെന്ന ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഹർജി കോടതിയിലെത്തിയത്. സംഭവത്തിൽ കൊല്ലപ്പെട്ട പ്രതികളുടെ മൃതദേഹം ഒമ്പതാം തീയതി രാത്രി എട്ടുമണി വരെ സംസ്കരിയ്ക്കരുതെന്ന് കോടതി നിർദ്ദേശിച്ചു. പ്രതികളുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്തതിന്‍റെ ദൃശ്യങ്ങൾ ഹാജരാക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കേസിൽ ഇന്ന് വിശദമായ വാദം കേൾക്കും.

ഹൈദരബാദിന് സമീപത്തെ ചദൻ പള്ളിയിലാണ് ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം പെട്രോളൊഴിച്ച് മൃതദേഹം കത്തിച്ചത്. കേസിൽ അറസ്റ്റിലായ നാല് പ്രതികളെ തെളിവെടുപ്പിനായി കൊണ്ടു വന്നപ്പോൾ പ്രതികളിൽ രണ്ടു പേർ പൊലീസുകാരെ ആക്രമിക്കുകയും തോക്ക് കൈക്കലാക്കി രക്ഷപ്പെടാൻ ശ്രമിയ്ക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു. ഇവരുടെ ആക്രമണത്തെ പ്രതിരോധിയ്ക്കാനായിരുന്നു വെടിയുതിർത്തത് എന്നാണ് പോലീസിന്‍റെ വിശദീകരണം.

Content Highlights: Telangana high court orders to preserve bodies of 4 accused in vet’s rape case  till December 9