സ്ത്രീധനത്തിന്‍റെ പേരില്‍ യുവതിയെയും കുഞ്ഞിനെയും വീട്ടില്‍ നിന്നും ഇറക്കിവിട്ടു

dowry harassment

സ്ത്രീധനം നൽകാത്തതിൻറെ പേരിൽ യുവതിയെയും രണ്ട് വയസ്സുള്ള പെൺകുട്ടിയെയും വീട്ടിൽ നിന്നും ഇറക്കിവിട്ടതായി പരാതി. പുനലൂർ സ്വദേശിയായ യുവതിയാണ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. വിദേശത്തുള്ള ഭർത്താവ് വീട് വിട്ടുപോകാൻ തന്നോട് ആവശ്യപ്പെട്ടതായും പരാതിയിലുണ്ട്. ഇപ്പോൾ പത്തനാപുരം ഗാന്ധിഭവനിൽ അഭയം തേടിയിരിക്കുകയാണ് യുവതിയും കുഞ്ഞും.

കല്യാണസമയത്ത് ധരിച്ചിരുന്ന എല്ലാ ആഭരണങ്ങളും കുട്ടിക്കുണ്ടായിരുന്ന ആഭരണങ്ങളും ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ ഊരിവാങ്ങിയെന്നും സ്ത്രീധനത്തിന്‍റെ പേരില്‍ മാനസികമായും ശാരീരികമായും ഉപദ്രവിച്ചുവെന്നും യുവതി പറഞ്ഞു. മൂന്നു വര്‍ഷം മുമ്പാണ് വിദേശത്ത് ജോലി ചെയ്യുന്ന എഞ്ചിനീയറാണെന്ന് പറഞ്ഞ് കരവാളൂര്‍ സ്വദേശി സിജി ചന്ദ്രന്‍ പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നത്. എന്നാല്‍ ഇയാള്‍ എഞ്ചിനിയറല്ലെന്ന കാര്യം പെണ്‍കുട്ടി പിന്നീട് മനസിലാക്കി. ഇതിന് ശേഷമാണ് സ്ത്രീധനത്തിന്‍റെ പേരില്‍ വീട്ടുകാര്‍ പീഡനം തുടങ്ങിയതെന്ന് പെണ്‍കുട്ടി പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

രണ്ട് ദിവസം മുമ്പ് ചികിത്സക്ക് പോകുന്നുവെന്ന് പറഞ്ഞ് ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ തിരുവനന്തപുരത്തേക്ക് പോയി. പെണ്‍കുട്ടിയോടും കുഞ്ഞിനോടും അടുത്ത വീട്ടിൽ പോയി നിൽക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ പിന്നീട് ഭർത്താവ് വിളിച്ച് സ്വന്തം വീട്ടിലേക്ക് പോകാന്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് പെണ്‍കുട്ടി ഗാന്ധി ഭവനിലേക്ക് പോകുകയായിരുന്നു.  ഇവിടെ നിന്നുമാണ് പൊലീസില്‍ പരാതി നല്‍കിയത്.

Content highlight; women and her child were forced out of their home due to dowry harassment