പിൻസീറ്റിൽ ഹെൽമെറ്റ് നിർബന്ധമാക്കിയതോടെ വിപണിയിൽ വ്യാജന്മാരും

low quality helmets in markets

പിൻസീറ്റിൽ ഹെൽമെറ്റ് നിർബന്ധമാക്കിയതോടെ വിപണിയിൽ വ്യാജന്മാർ പൊടിപൊടിക്കുകയാണ്. വ്യാജന്മാരിലും ഐ.എസ്.ഐ മാർക്ക് ഉള്ളതിനാൽ തിരിച്ചറിയാനാകാതെ കുഴയുകയാണ് ഉപഭോക്താക്കളും അധികൃതരും.

പ്രമുഖ ഹെല്‍മെറ്റ് കമ്പനികളുടെ പേരിനോടും ലോഗോയോടും സാദൃശ്യമുള്ളവയാണ് വിപണി കീഴടക്കിയ വ്യാജന്മാര്‍. 200 രൂപ മുതല്‍ 500 രൂപ വരെയാണ് ഇത്തരം വ്യാജ ഹെല്‍മെറ്റുകളുടെ വില. നിലവാരം കുറഞ്ഞ ഇത്തരം ഹെൽമെറ്റുകൾ ഉപയോഗിക്കുന്നതുകൊണ്ട് യാതൊരു സുരക്ഷിതത്വവും ലഭിക്കുന്നുമില്ല. അതുകൊണ്ടു തന്നെ ഇത്തരം വ്യാജന്മാരെ പിടിയ്ക്കാൻ തയാറെടുക്കുകയാണ് മോട്ടോർ വാഹന വകുപ്പ്.

വിൽപ്പന കേന്ദ്രങ്ങളിൽ പരിശോധന നടത്താനാണ് ട്രാൻസ്‌പോർട് കമ്മീഷണറുടെ നിർദ്ദേശം. വഴിയരികില്‍ വില്‍പ്പന നടത്തുന്ന വ്യാജ ഹെല്‍മെറ്റുകള്‍ക്കെതിരേ അധികൃതര്‍ നടപടി ആരംഭിച്ചിട്ടുണ്ട്. ഐ.എസ്.ഐ. സാക്ഷ്യപ്പെടുത്തിയിട്ടുള്ള ഹെല്‍മെറ്റ് കമ്പനികളുടെ പട്ടികയെടുത്ത് അത് പ്രകാരം മറ്റുള്ളവര്‍ക്കെതിരേ നടപടിയെടുക്കാനാണ് ആലോചന. അതെ സമയം തന്നെ ഹെൽമെറ്റ്‌ ധരിക്കാത്ത യാത്രക്കാരിൽ നിന്നും മുപ്പത്തഞ്ചു ലക്ഷത്തോളം തുക പിഴയായി ലഭിച്ചിട്ടുണ്ട്.

Content Highlights: low-quality helmets in markets