മുത്തൂറ്റ് ഫിനാന്‍സിൻറെ 43 ശാഖകളില്‍നിന്ന് 166 തൊഴിലാളികളെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടു. ശനിയാഴ്ച വൈകിട്ടാണ് ജീവനക്കാരെ പുറത്താക്കിയതായി ഇ-മെയില്‍ സന്തേശം ലഭിച്ചത്. കൂടെ ജോലിചെയ്ത കാലയളവ് കണക്കാക്കി നഷ്ടപരിഹാര തുകയും ഇവരുടെ അക്കൗണ്ടിലേക്ക് നല്‍കി.
ആഗസ്ത് 20 മുതല്‍ 52 ദിവസം മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാര്‍ പണിമുടക്കിയിരുന്നു. മാനേജ്മെൻ്റുമായുണ്ടാക്കിയ സേവന-വേതന കരാര്‍ നടപ്പാക്കാത്തതിനെ തുടര്‍ന്ന് സിഐടിയു ഉള്‍പ്പെടെയുള്ള സംഘടനകള്‍ നടത്തിയ സമരം വിജയിച്ച് രണ്ടുമാസം തികയും മുമ്പാണ് മാനേജ്‌മെൻ്റിൻറെ ഈ പ്രതികാര നടപടി.
നോണ്‍ ബാങ്കിങ് ആന്‍ഡ് പ്രൈവറ്റ് ഫിനാന്‍സ് എംപ്ലോയീസ് അസോസിയേഷൻറെ നേതൃത്വത്തില്‍ 611 ശാഖകളിലും 11 റീജണല്‍ ഓഫീസുകളിലുമുള്ള 1800 ജീവനക്കാര്‍ സമരം ചെയ്തതുകൊണ്ട് വേതന വര്‍ധന എന്ന ആവശ്യം മാനേജ്‌മെൻ്റ് അംഗീകരിച്ചിരുന്നു. സമരത്തില്‍ സജീവമായി നേതൃത്വം കൊടുത്ത തൊഴിലാളി നേതാക്കളെയാണ് പുറത്താക്കിയത്. ഇതിനെതിരെ സംസ്ഥാനവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് നോണ്‍ ബാങ്കിങ് ആന്‍ഡ് പ്രൈവറ്റ് ഫിനാന്‍സ് എംപ്ലോയീസ് അസോസിയേഷന്‍ (സിഐടിയു) മുത്തൂറ്റ് ഫിനാന്‍സ് യൂണിറ്റ് സംസ്ഥാന കമ്മിറ്റി അറിയിച്ചു.
Content highlights; workers are dismissed from Muthoot finance, without warning