ഇന്ന് ഐക്യരാഷ്ട്രസംഘടന അഴിമതി വിരുദ്ധ ദിനമായി ആചരിക്കുകയാണ്. 2003 മുതൽ വർഷം തോറും ഈ ആചരണം മുടങ്ങാതെ നടക്കുന്നുണ്ടെങ്കിലും, ഇതിന്റെ പ്രാധാന്യമോ പ്രസക്തിയോ ഇന്നും തിരിച്ചറിയപ്പെടുന്നില്ല. “Say NO to Corruption”, “അഴിമതി മതി “, എന്നൊക്കെ ഹാഷ്ടാഗുകളായും മുദ്രാവാക്യങ്ങളായും പറയാൻ തുടങ്ങിയിട്ട് കാലം കുറേയായെങ്കിലും അഴിമതി ആർക്കും മതിയായ ലക്ഷണവുമില്ല, അങ്ങനെയൊരു ചരിത്രവുമില്ല.
ലോകബാങ്കിന്റെ കണക്കുകൾ പ്രകാരം പ്രതിവർഷം 1.6 ട്രില്യൺ ഡോളർ ലോകത്താകമാനം അഴിമതിയിലൂടെ നഷ്ടപ്പെടുന്നുണ്ട്. ഈ വർഷത്തെ ‘ഇന്ത്യ കറപ്‌ഷൻ’ സർവ്വേ അനുസരിച്ച് രാജസ്ഥാനാണ് രാജ്യത്ത് അഴിമതിയിൽ ഒന്നാം സ്ഥാനം. രണ്ടാമത് ബീഹാറും. രാജസ്ഥാനിൽ നടത്തിയ സർവ്വേയിൽ പങ്കെടുത്ത 78% പേരും പല വിധത്തിൽ അഴിമതിയുടെ ഇരയായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ, ഈ ദിനത്തിൽ മലയാളിക്ക് ഏറെ ആശ്വസിക്കാം. കാരണം, 10% പേർ മാത്രം അഴിമതി ആരോപിച്ച കേരളമാണ് അഴിമതി ഏറ്റവും കുറവുള്ള സംസ്ഥാനം.
“തമ്മിൽ ഭേദം തൊമ്മൻ” എന്നൊക്കെ പറഞ്ഞ് ആശ്വസിക്കാമെങ്കിലും കേരളത്തിലെ അഴിമതി ആരോപണങ്ങൾ ആദ്യ മന്ത്രിസഭ മുതൽ തുടങ്ങിയതാണ്. അഴിമതിക്കേസിൽ ഇതുവരെ 8 മന്ത്രിമാർ നമ്മുടെ നാട്ടിൽ രാജിവെച്ചെങ്കിലും ഇടമലയാർ കേസിലും ഗ്രാഫൈറ്റ് കേസിലും ആരോപണവിധേയനായ ബാലകൃഷ്ണപിള്ള മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. ടെണ്ടറില്ലാതെ അരി വാങ്ങിയതിൽ പതിനാറര ലക്ഷത്തിന്റെ തിരിമറി നടന്നെന്നാരോപിക്കപ്പെട്ട 1958-ലെ ആന്ധ്ര അരി കുംഭകോണമാണ് കേരളത്തിലെ ആദ്യ അഴിമതിയാരോപണം. തുടർന്നിങ്ങോട്ട് ചെറുതും വലുതുമായ നിരവധി കേസുകൾ. കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച പാമൊലിനും, ലാവ്‌ലിനും, സോളാറുമൊക്കെ ആദ്യകാല കേസുകളിൽ ഭരണസംവിധാനങ്ങൾ കാണിച്ച അലംഭാവത്തിന്റെ ഉറപ്പിലും പ്രതീക്ഷയിലും ആവർത്തിക്കപ്പെട്ടവയാണ്.
അഴിമതിയുടെ ഇന്ത്യൻ ചരിത്രം പരിശോധിക്കുകയാണെങ്കിൽ, 1958-ൽ ബ്രിട്ടീഷ് ഹൈക്കമ്മീഷണറായിരുന്ന വി.കെ. കൃഷ്ണമേനോനെതിരെ ആരോപിക്കപ്പെട്ട സൈനിക ജീപ്പ് അഴിമതി മുതൽ തുടങ്ങേണ്ടി വരും. സൈനികാവശ്യത്തിനെന്ന പേരിൽ 80 ലക്ഷം രൂപയുടെ ജീപ്പ് ഇറക്കുമതിയിലുണ്ടായ 5 ലക്ഷം രൂപയുടെ പൊരുത്തക്കേടായിരുന്നു ഈ കേസിന് ആധാരം. അന്ന് അഴിമതിയുടെ തോത് 5 ലക്ഷത്തിൽ തുടങ്ങിയെങ്കിലും, ഇന്നത് എത്തിനിൽക്കുന്നത് ലക്ഷം കോടികളുടെ തട്ടിപ്പിലാണ്. 1987-ൽ രാജീവ് ഗാന്ധി സർക്കാരിന്റെ കാലത്ത് ബൊഫോഴ്സ് ആയുധ ഇടപാടിലെ 64 കോടിയുടെ ആരോപണവും, പിന്നീട് തെഹൽക മാസിക നടത്തിയ സ്റ്റിങ് ഓപ്പറേഷനിലൂടെ പുറത്തുവന്ന കൈക്കൂലി ഇടപാടുകളും, ടെലികോം അഴിമതി, 2ജി സ്പെക്ട്രം, കാലിത്തീറ്റ കുംഭകോണം എന്നിവയൊക്കെയായി ഒടുവിൽ റഫേൽ ഇടപാടിൽ തട്ടി നിൽക്കുകയാണ് രാജ്യത്തിന്റെ അഴിമതിചരിത്ര കഥ. ഇതുവരെ പുറത്തുവന്നവയുടെ ഏകദേശ ചിത്രം മാത്രമാണിത്. അതിസമർഥമായി പൂഴ്ത്തിവയ്ക്കപ്പെട്ട എത്രയോ ഏറെ ഇടപാടുകൾ ഇനിയുമുണ്ടാകണം. ഇത്തരമൊരു രാജ്യത്ത് ഇങ്ങനെയൊരു ദിനാചരണം തന്നെ എന്ത് വിരോധാഭാസമാണ് !
അഴിമതിവിവര ശേഖരണം നടത്തുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ സർവ്വേയായ ‘ഗ്ലോബൽ കറപ്‌ഷൻ ബാരോമീറ്റർ’ 107 രാജ്യങ്ങളിൽ നിന്നുള്ള 1.14 ലക്ഷം പേരിൽ നടത്തിയ സർവ്വേ പ്രകാരം ലോകശരാശരിയുടെ ഇരട്ടിയായിരുന്നു ഇന്ത്യയിലെ മാത്രം അഴിമതി നിരക്ക്. പൊതുജന സേവന സ്ഥാപനങ്ങൾക്ക് 2013-ൽ തങ്ങൾ കൈക്കൂലി നൽകിയെന്ന് 27% പേർ ആഗോളതലത്തിൽ വെളിപ്പെടുത്തിയപ്പോൾ, ഇന്ത്യയിൽ രണ്ടുപേരിൽ ഒരാൾ എന്ന കണക്കിൽ 54% പേരും കൈക്കൂലി കൊടുത്തിട്ടുണ്ടെന്ന് സമ്മതിച്ചു. ഈ വിഷയത്തിൽ കൂടുതൽ സമഗ്രമായ അന്വേഷണം നടത്തിയപ്പോൾ രാഷ്ട്രീയ പാർട്ടികളാണ് അഴിമതിയിൽ മുൻപിലെന്ന് കണ്ടെത്തി. പോലീസ് സ്ഥാപനങ്ങളിൽ ഇത് 62 ശതമാനവും, വിദ്യാഭ്യാസ മേഖലയിൽ 48 ശതമാനവും, ഭൂസേവന വകുപ്പിൽ 38 ശതമാനവും, എന്തിനേറെ നീതിന്യായ വകുപ്പിൽ പോലും 36 ശതമാനവുമായിരുന്നു അഴിമതി നിരക്ക്.
ക്യാൻസർ പോലെ പടർന്നു പിടിക്കുന്നതെന്ന അർത്ഥത്തിൽ പലരും അഴിമതിയെ ഈ വിധത്തിൽ ഉപമിക്കാറുണ്ട്. ക്യാൻസറൊക്കെ ചികിത്സിച്ചു ഭേദമാക്കാം. കുറഞ്ഞപക്ഷം നിയന്ത്രണത്തിൽ നിർത്തുകയെങ്കിലുമാകാം. പക്ഷേ, അഴിമതി എന്ന പ്രതിഭാസം ആരംഭം മുതൽ മുകളിലേക്ക് തന്നെയാണ് കുതിക്കുന്നത്. ഈ അർത്ഥത്തിൽ യഥാർത്ഥ ക്യാൻസറിനേക്കാളൊക്കെ എത്രയോ ഭീകരമാണ് അഴിമതി എന്ന ക്യാൻസർ. ഓരോ വർഷത്തേയും ഡിസംബർ 9-കൾ കേവലം നാമമാത്രമായ ഓർമപ്പെടുത്തലുകളായി ചുരുങ്ങുമ്പോൾ കുത്തഴിഞ്ഞ ഭരണസംവിധാനങ്ങൾക്കു മുന്നിൽ തോൽക്കുന്നത് രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയും, ഭരണഘടനയും, ഇവയിൽ വിശ്വസിക്കുന്ന പൊതുസമൂഹവുമാണ്.
Content Highlights : International Anti-corruption Day