അതിഥി ദേവോ ഭവ; വിദേശികളെ മുൻനിർത്തി ഓട്ടോറിക്ഷകൾക്കു ടെസ്റ്റ്

വിദേശികളോടുള്ള ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ പെരുമാറ്റം പരിശോധിക്കാൻ വിദേശികളെ രംഗത്തിറക്കി മോട്ടോർ വാഹന വകുപ്പിൻറെ പരിശോധന കൊച്ചിയിൽ ശ്രദ്ധേയമായി. നെതർലൻഡ്സുകാരായ വിനോദ സഞ്ചാരികൾ കൊച്ചിയിലെ ഓട്ടോ ഡ്രൈവർമാരുടെ പെരുമാറ്റത്തെപ്പറ്റി മോശമായ അഭിപ്രായം ഇ-മെയിലിലൂടെ പങ്കുവച്ചതിനെ തുടർന്ന് മുഖ്യമന്ത്രി പൊലീസിൻറെ റിപ്പോർട്ട് തേടിയിരുന്നു. ഇതിന് പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പ് അധികൃതർ രംഗത്തിറങ്ങിയത്.

ഫോർട്ട്കൊച്ചി, വേളി ബീച്ച്, സെൻ്റ് ഫ്രാൻസിസ് പള്ളി തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന നടത്തിയത്. യുകെ, യുഎസ്എ, ഇസ്രയേൽ, ജപ്പാൻ തുടങ്ങി വിവിധ സ്ഥലങ്ങളിൽ നിന്നൊക്കെ കൊച്ചി കാണാൻ എത്തിയവരോട് അഭിപ്രായം ചോദിക്കുകയും ചെയ്തു.

ഓട്ടോ സ്റ്റാൻഡിൽ നിന്നു യാത്രക്കാരെന്ന വിധത്തിൽ കയറിയ വിദേശ വിനോദ സഞ്ചാരികളുടെ പിറകെ മറ്റൊരു ഓട്ടോയിൽ സാധാരണ വേഷത്തിൽ എംവിഎ പിന്തുടരുകയും യാത്രയിൽ അമിത ചാർജ് വാങ്ങിയോ എന്നു പരിശോധിക്കുകയും ചെയ്തു. ഡ്രൈവറുടെ പെരുമാറ്റത്തെക്കുറിച്ചും ടൂറിസ്റ്റുകളുടെ അഭിപ്രായം തേടി. അമിത ചാർജ് ഈടാക്കാതിരുന്ന ഡ്രൈവർമാരെ അനുമോദിച്ചു. അൽപം ചാർജ് കൂട്ടി വാങ്ങിയവരെ താക്കീതു നൽകി വിട്ടയച്ചു.

അമിത ചാർജ് വാങ്ങിയാൽ പെർമിറ്റ് റദ്ദാക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഓട്ടോ ഡ്രൈവർമാർക്കു മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നിർദേശങ്ങൾ നൽകി. ഡ്രൈവർ കം ഗൈഡുമാരായി പ്രവർത്തിക്കുന്ന യുവാക്കളാണു പലപ്പോഴും പ്രശ്നങ്ങളുണ്ടാക്കുന്നതെന്നു പരിശോധനയിൽ മനസിലാക്കിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.

Content highlights; motor vehicles department checking for the protection of foreigners, due to misbehavior of autorickshaw employees at Ernakulam.