രാജ്യത്തെ നടുക്കിയ ഡല്‍ഹി നിര്‍ഭയ കൂട്ടബലാത്സംഗത്തിന് ഡിസംബര്‍ 16 ന് ഏഴ് വര്‍ഷം ; കേസിലെ നാല് പ്രതികളെയും തൂക്കിലേറ്റുമെന്ന് റിപ്പോര്‍ട്ട്

nirbhaya culprits may hang on December 16

രാജ്യത്തെ കണ്ണീരിലാഴ്ത്തിയ ഡല്‍ഹി നിര്‍ഭയ കൂട്ടബലാത്സംഗത്തിന്  ഏഴ് വര്‍ഷം പൂർത്തിയാവുന്ന ഡിസംബര്‍ 16ന് കേസിലെ നാല് പ്രതികളെയും തൂക്കിലേറ്റുമെന്ന് റിപ്പോര്‍ട്ട്. ഡിസംബര്‍ പതിനാലിനകം പത്ത് തൂക്കുകയറുകള്‍ ഉണ്ടാക്കാൻ ബീഹാറിലെ ബക്‌സര്‍ ജയിലിനോട് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഇതുസംബന്ധിച്ച വാര്‍ത്തകള്‍ക്ക് വ്യക്തത വന്നത്.

2012 ഡിസംബര്‍ 16-ന് രാത്രി ഡല്‍ഹിയില്‍ ഓടുന്ന ബസില്‍വെച്ച് 23-കാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയെ ആറുപേര്‍ കൂട്ടബലാത്സംഗംചെയ്ത് അതിക്രൂരമായി ആക്രമിച്ചുവെന്നാണ് കേസ്. മുകേഷ് (29), പവന്‍ ഗുപ്ത (22), വിനയ് ശര്‍മ (23), അക്ഷയ് കുമാര്‍ സിങ് (31) എന്നിവരെയാണ് ഈ കേസില്‍ വധശിക്ഷയ്ക്ക് വിധിച്ചത്. ഇതില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കിയ അക്ഷയ് കുമാര്‍ ഒഴികെയുള്ള മൂന്ന് പേരുടെ ഹര്‍ജി സുപ്രീം നേരത്തെ കോടതി തള്ളിയിരുന്നു. അക്ഷയ് കുമാര്‍ തിങ്കളാഴ്ചയാണ് വധശിക്ഷയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. ഇതിനിടെ, വിനയ് ശര്‍മ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ദയാഹര്‍ജി തള്ളണമെന്ന് ഡല്‍ഹി സര്‍ക്കാരും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും രാഷ്ട്രപതിയോട് ആവശ്യപ്പെട്ടിരുന്നു.

രാജ്യത്തെ എല്ലാ ജയിലുകള്‍ക്കും തൂക്കുകയര്‍ നിര്‍മിച്ചു നല്‍കുന്നത് ബക്‌സര്‍ ജയിലില്‍ നിന്നാണ്. പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതിയായ അഫ്സല്‍ ഗുരുവിനെ 2013 ഫെബ്രുവരി ഒന്‍പതിന് തൂക്കിലേറ്റാനാണ് ബക്‌സറില്‍ നിന്ന് അവസാനമായി കയര്‍ നിര്‍മിച്ചു നല്‍കിയത്. ഇത്തവണ ഡിസംബര്‍ 14-നകം പത്ത് തൂക്കുകയറുകള്‍ നിര്‍മിച്ചുനല്‍കാനാണ് ജയില്‍ ഡയറക്ടറേറ്റില്‍നിന്നുള്ള നിര്‍ദേശമെന്ന് ബക്‌സര്‍ ജയില്‍ സൂപ്രണ്ട് വിജയ് കുമാര്‍ അറോറ പറഞ്ഞു.

രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി ഈയിടെ നടന്ന അതിക്രൂരമായ ബലാത്സംഗവും തുടര്‍ന്നുള്ള കൊലപാതകവും പാര്‍ലമെന്റില്‍ വരെ വലിയ ചര്‍ച്ചയാവുന്നുണ്ട്. ഇത്തരം കേസുകളില്‍ പ്രതികള്‍ക്ക് ശിക്ഷ ലഭിക്കാനെടുക്കുന്ന താമസത്തെക്കുറിച്ച് ഉപരാഷ്ടപതി സഭയില്‍ പറഞ്ഞിരുന്നു. ഇതിൻറെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കുള്ള വധശിക്ഷ വൈകില്ലെന്നാണ് സൂചന.

content highlights : Nirbhaya culprit may hang on December 16