മാതാപിതാക്കളെ ഉപേക്ഷിച്ചാല്‍ ഇനി മുതല്‍ 6 മാസം വരെ തടവും 10,000 രൂപ പിഴയും 

welfare of parents and senior citizen bill

മാതാപിതാക്കളെ ഉപേക്ഷിച്ചാല്‍ ഇനി 6 മാസം തടവും 10,000 രൂപ പിഴയും ശിക്ഷ ലഭിക്കും. മാതാപിതാക്കള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവരെ ഉപേക്ഷിക്കുന്ന മക്കള്‍, കൊച്ചുമക്കള്‍, മരുമക്കള്‍ (മകന്റെയോ മകളുടെയോ ഭാര്യ/ഭര്‍ത്താവ്) എന്നിവര്‍ക്ക് ഇനി മുതല്‍ 6 മാസം വരെ തടവും 10,000 രൂപ പിഴയും ശിക്ഷ നല്‍കാനുള്ള നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍.

2007 ലെ 3 മാസം തടവും 5000 രൂപ പിഴയും എന്ന ആദ്യ ബില്ലിലെ വ്യവസ്ഥയാണു ഭേദഗതി ചെയ്യുന്നത്. മാതാപിതാക്കളെ പരിപാലിക്കേണ്ട സംരക്ഷകരുടെ പട്ടികയിലേക്ക് മക്കള്‍, കൊച്ചുമക്കള്‍ എന്നിവര്‍ക്ക് പുറമേയാണു മരുമക്കളെ ഉള്‍പ്പെടുത്തിയത്. മക്കളില്ലാത്തവരുടെ സംരക്ഷണ ചുമതല അവരുടെ സ്വത്തിന്റെ അവകാശിക്കള്‍ക്കായിരിക്കും.

വളര്‍ത്തച്ഛന്‍, വളര്‍ത്തമ്മ എന്നിവര്‍ക്കും സുരക്ഷ സംബന്ധിച്ച വ്യവസ്ഥകള്‍ ബാധകമായിരിക്കും. മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്‍മാരുടെയും പരിപാലനം, ക്ഷേമം എന്നിവ സംബന്ധിച്ച ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചിരുന്നു. അതുപോലെ ഇവര്‍ക്കു നേരെയുള്ള ശാരീരിക ഉപദ്രവം, മാനസിക പീഡനം, മോശം വാക്ക് ഉപയോഗിക്കല്‍, മുറിവേല്‍പിക്കല്‍ എന്നിവ ശിക്ഷാര്‍ഹമാക്കും.

കൂടാതെ വസ്ത്രം, ഭവനം, ആരോഗ്യ പരിചരണം, സുരക്ഷ, ഭക്ഷണം എന്നിവ ലഭ്യമാക്കേണ്ട ചുമതല സംരക്ഷകര്‍ക്കാണ്. എന്നാല്‍ അത് പാലിക്കാത്ത മക്കള്‍, കൊച്ചുമക്കൾ, മരുമക്കള്‍ എന്നിവര്‍ക്കെതിരെ സംസ്ഥാന ട്രൈബ്യൂണലുകളിൽ പരാതി നല്‍കാം.

Content highlights; the welfare of parents and senior citizen bill introduced in Lok sabha