പൗരത്വ ഭേദഗതി ബിൽ പാസാക്കി രാജ്യസഭ

citizenship amendment bill passed by Rajya sabha

ഏറെ വിവാദങ്ങൾക്കൊടുവിൽ പൌരത്വ ഭേദഗതി ബിൽ രാജ്യസഭയിൽ പാസാക്കി. 105 പേർ ബില്ലിനെ എതിർത്തപ്പോൾ 125 പേരുടെ വോട്ടോടുകൂടിയാണ് ബില്ല് രാജ്യസഭയിൽ പാസാക്കിയത്. നേരത്തെ ബിൽ ലോക്സഭയിലും പാസാക്കിയിരുന്നു. ഇരുസഭകളും പാസാക്കിയ ബില്ലില്‍ രാഷ്ട്രപതി ഒപ്പ് വയ്ക്കുന്നതോടെ പൗരത്വ ഭേദഗതി ബില്‍ നിയമമായി മാറും.

പുതിയ നിയമപ്രകാരം പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ മൂന്ന് രാജ്യങ്ങളില്‍ നിന്നും 2014 ഡിസംബർ 31 വരെ ഇന്ത്യയിൽ അഭയം പ്രാപിച്ച ഹിന്ദു, ക്രിസ്ത്യന്‍, ജൈന, ബുദ്ധ, സിഖ്, ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യൻ പൌരത്വം ലഭിക്കും. പ്രത്യേക മതവിഭാഗത്തിൽ പെടുന്നവരോട് സർക്കാർ വേർതിരിവ് കാണിക്കുന്നില്ല എന്നും ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവ ഇസ്ലാമിക രാഷ്ട്രങ്ങളായതിനാലും അവിടെയുള്ള ന്യൂനപക്ഷവിഭാഗങ്ങള്‍ കടുത്ത മനുഷ്യാവകാശ ലംഘനം നേരിടേണ്ടി വരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ബില്ല് കൊണ്ടുവന്നതെന്നും രാജ്യസഭയിൽ നടന്ന ചർച്ചയിൽ കേന്ദ ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.

പൗരത്വ നിയമ ഭേദഗതി ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം വോട്ടെടുപ്പിനിട്ട് സഭ തള്ളിയിരുന്നു. 44 ഭേദഗതി നിര്‍ദേശങ്ങളാണ് ബില്ലിന്‍മേല്‍ വന്നത്. എന്നാല്‍ ഇവയെല്ലാം രാജ്യസഭ വോട്ടിനിട്ട് തള്ളി. ലോക്സഭയില്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്ത ശിവസേന രാജ്യസഭയിലെ വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു. ബില്ലിനെ എതിര്‍ക്കുന്നവര്‍ക്ക് പാക് പ്രധാനമന്ത്രിയുടെ സ്വരമെന്ന് ചര്‍ച്ചക്ക് മറുപടിയായി ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. രാജ്യത്തിന്‍റെ ഭരണഘടനാ ചരിത്രത്തിലെ കറുത്ത ദിനമാണിന്ന് എന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി വ്യക്തമാക്കി.

Content Highlights: citizenship amendment bill passed by Rajya sabha