ഡിസംബർ 12- ആഗോള സാർവത്രിക ആരോഗ്യ പരിരക്ഷാ ദിനം 

international universal health coverage day

ഐക്യരാഷ്ട്ര സംഘടന ലോകാരോഗ്യ സംഘടനയോട് ചേർന്ന് ആഗോള സാർവത്രിക ആരോഗ്യ പരിരക്ഷാ ദിനമായി ആചരിക്കുന്ന ദിവസമാണിന്ന്.  ആത്യന്തികമായി ഏതൊരു മനുഷ്യന്റെയും ഏറ്റവും വലിയ സമ്പത്ത് ആ വ്യക്തിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യവും, ഏറ്റവും സന്തുഷ്ടമായ അവസ്ഥ രോഗങ്ങളില്ലാത്ത ജീവിത സാഹചര്യങ്ങളുമാണ്. ലോകത്തൊരിടത്തും, ഒരു മനുഷ്യജീവനും, യാതൊരു കാരണവശാലും തനിക്കാവശ്യമായ സമ്പൂർണ ആരോഗ്യ പരിരക്ഷ ലഭിക്കാതെ വലയരുത് എന്ന ഉദ്ദേശലക്ഷ്യത്തോടെയാണ് ആഗോള സാർവത്രിക ആരോഗ്യ പരിരക്ഷാ ദിനം ആചരിക്കപ്പെടുന്നത്. സാമ്പത്തിക പ്രയാസം അനുഭവിക്കാതെ എല്ലാ വ്യക്തികൾക്കും സമൂഹത്തിനും ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യവും ഇതിനുണ്ട്.

Related image

 

1948-ൽ ചേർന്ന ലോക ഹെൽത്ത് അസംബ്ലിയുടെ നിർവചന പ്രകാരം രോഗ, വൈകല്യരാഹിത്യമുള്ള അവസ്ഥ മാത്രമല്ല, സമ്പൂർണ ശാരീരിക, മാനസിക, സാമൂഹ്യ സുസ്ഥിതി കൂടിയാണ് ആരോഗ്യം എന്നതുകൊണ്ട്‌ അർഥമാക്കുന്നത്.  ഇത്തരത്തിൽ മനുഷ്യന്റെ സമ്പൂർണ ആരോഗ്യം പരിപോഷിപ്പിക്കുന്നതിനും നിലനിർത്തുന്നതിനും ആവശ്യമായ ഗുണമേന്മയുള്ള ആരോഗ്യ പരിരക്ഷയും സേവനവുമാണ് ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യം. രോഗ പ്രതിരോധം, രോഗ ചികിത്സ, രോഗികളുടെ പുനരധിവാസം, പാലിയേറ്റീവ് കെയർ എന്നിവയെല്ലാം ഈ പദ്ധതിയിൽ ഉൾപ്പെടുന്നവയാണ്. എന്നാൽ, ഇന്നും ഭരണകർത്താക്കൾ തങ്ങളുടെ രാജ്യത്തെ പൗരന്മാർക്കാവശ്യമായ ഇത്തരം പരിരക്ഷണ സംവിധാനങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കുകയോ അതിനു മുൻകൈയെടുക്കുകയോ ചെയ്യുന്നില്ല എന്നതാണ് വസ്തുത.

ഇതിനോട് ചേർത്ത് വായിക്കപ്പെടേണ്ടതാണ് ഇന്ന് ലോകം നേരിടുന്ന ശുദ്ധജല ദൗർലഭ്യത. ആരോഗ്യരംഗത്തെ ഏതൊരു പ്രവർത്തനത്തിനും അത്യന്താപേക്ഷിതമായ ശുദ്ധജലത്തിന്റെയും ജലശ്രോതസുകളുടെയും അഭാവം ആരോഗ്യ സേവന രംഗത്തെ വല്ലാതെ ഉലയ്ക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കഴിഞ്ഞ വർഷങ്ങളിൽ ലോകാരോഗ്യ സംഘടനയും യുണിസെഫും ചേർന്ന് നടത്തിയ സർവ്വേ ഫലം അനുസരിച്ച് ലോകാത്താകമാനമുള്ള ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളിൽ 38 ശതമാനവും അടിസ്ഥാന ജലശ്രോതസുകളുടെ കുറവ് ഗൗരവമായി അനുഭവിക്കുന്നുണ്ടെന്ന് കണ്ടെത്തുകയുണ്ടായി. 35 ശതമാനം സംവിധാനങ്ങളിലും ഫലപ്രദമായി കൈ കഴുകുന്നതിനാവശ്യമായ ജലം പോലും ലഭിക്കുന്നില്ല എന്നാണ് കണക്ക്. ഇത്തരമൊരു സാഹചര്യത്തിൽ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ആധുനിക ആരോഗ്യ സംവിധാനങ്ങളെയും അവയുടെ സൗകര്യങ്ങളെയും വൃത്തിയായി സൂക്ഷിക്കുന്നതിനോ, ഇൻഫെക്ഷൻ പകരാനുള്ള സാധ്യത തടയുന്നതിനോ, ഏറ്റവും ഫലപ്രദമായും സുരക്ഷിതമായും കാര്യക്ഷമമായും ആരോഗ്യ പരിരക്ഷയും പരിചരണവും ലഭ്യമാക്കുന്നതിനോ കഴിയുന്നില്ല എന്ന യാഥാർഥ്യമാണ് ഈ സർവ്വേ ഫലത്തിലൂടെ പുറത്തുവരുന്നത്. ഇതിനെ പ്രതിരോധിക്കുന്നതിനായി വാഷ് (WASH) അഥവാ Water, Sanitation, Hygiene in Healthcare Facilities എന്ന പുതിയ സംരംഭം 2030-ഓടുകൂടി ലോകത്താകമാനം നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് ലോകാരോഗ്യ സംഘടനയും യുണിസെഫും.Image result for international universal health coverage day.org

സാമ്പത്തികമായോതോ, അല്ലെങ്കിൽ മറ്റേതെങ്കിലുമൊരു കാരണം കൊണ്ടോ ആർക്കും ആരോഗ്യ പരിരക്ഷ നിഷേധിക്കപ്പെടരുത് എന്നതാണ് ലോകാരോഗ്യ സംഘടനയ്ക്ക് ഈ വിഷയത്തിലുള്ള അജണ്ട. ഏതൊരു രാജ്യത്തിനും ധൈര്യപൂർവം നിക്ഷേപങ്ങൾ നടത്താവുന്ന ഒരു രംഗം കൂടിയാണിതെന്ന് ഇത്തരം അന്താരാഷ്ട്ര സംഘടനകൾ അവകാശപ്പെടുന്നു. എന്നാൽ മതിയായ ചികിത്സ ലഭിക്കാതെ ലോകത്തിന്റെ വിവിധ കോണുകളിൽ രോഗികൾ മരിച്ചു വീഴുന്ന ഇന്നത്തെ സാഹചര്യത്തിൽ സാർവത്രിക ആരോഗ്യ പരിരക്ഷയും, അതിനായുള്ള പ്രവർത്തനങ്ങളും, ഈ ദിനാചരണം തന്നെയും ഏറെ പ്രസക്തമാണ്. സുസ്ഥിര വികസനം ലക്ഷ്യമാക്കി ഐക്യരാഷ്ട്ര സംഘടനയിലെ അംഗത്വരാജ്യങ്ങൾ 2030-ഓടെ ആഗോള ആരോഗ്യ പരിരക്ഷ പൂർണമായും കൈവരിക്കും എന്ന പ്രതീക്ഷയിലാണ് ലോകം.