അമിതമായ ഉറക്കം പക്ഷാഘാതത്തിന് വഴിവെക്കുമെന്ന് പുതിയ പഠനം

sleeping more may cause stroke

ഉറക്കം മനുഷ്യരിലെ ഒട്ടുമിക്ക രോഗങ്ങളും ഭേദമാവാൻ സഹായിക്കുന്ന ഒന്നാണ്. എന്നാൽ  അമിതമായി ഉറങ്ങുന്നത് പക്ഷാഘാതത്തിന് വഴി തെളിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്. ന്യൂറോളജി എന്ന മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച  പഠനത്തിലാണ് ഉറക്കം പക്ഷാഘാതം ഉണ്ടാക്കുവാനുള്ള സാധ്യത ചൂണ്ടികാണിക്കുന്നത്.  ഉച്ചക്ക് ശേഷം 90  മിനിറ്റിൽ കൂടുതൽ സമയം ഉറങ്ങുന്ന ആളുകൾക്ക് 30 മിനിറ്റ് മാത്രം ഉറങ്ങുന്ന ആളുകളെ അപേക്ഷിച്ച് പക്ഷാഘാതം ഉണ്ടാവാൻ 25 ശതമാനം സാധ്യത കൂടുതലാണെന്ന് പഠനം പറയുന്നു. അതുപോലെ പകൽ 30 മിനിറ്റ് പോലും ഉറങ്ങാത്തവരിൽ പക്ഷാഘാധത്തിനുള്ള സാധ്യത വളരെ കുറവാണെന്നും പറയുന്നു.

അമിതമായ ഉറക്കമുള്ളവരില്‍ കൊളസ്റ്റോളിന്റെ അളവില്‍ പ്രതികൂലമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നും അത് ഹൃദയാഘാതത്തിനുള്ള അപകട ഘടകങ്ങളായി പിന്നീട് മാറുന്നുവെന്നും ഹുവാസോംഗ് സയന്‍സ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേഷക ഷവോമിയാങ് പറയുന്നു.

ഇതുവരെ പക്ഷാഘാതം ഉണ്ടാവാത്ത 62 വയസ് പ്രായമായ 31,750 പേരിലാണ് പഠനം നടത്തിയത്. ആറു വർഷം തുടർച്ചയായി ഇവരിൽ പഠനം നടത്തി. ഒൻപത് മണിക്കൂറിൽ കൂടുതൽ സ്ഥിരം ഉറങ്ങുന്നവരിൽ 23 ശതമാനം പക്ഷാഘാതം വരാനുള്ള സാധ്യത കണ്ടെത്തി.

Content highlights: More Sleeping may cause stroke