വഴിയോരക്കച്ചവടക്കാരില്‍ നിന്നും ടാറ്റൂ; കുട്ടികള്‍ക്ക് പൊള്ളലേറ്റു

tattoo causes chemical burn on children hands

വഴിയോരക്കച്ചവടക്കാരുടെ അടുത്ത് നിന്ന് ടാറ്റൂ പതിച്ച കുട്ടികള്‍ക്ക് പൊള്ളലേറ്റു. തീപ്പൊള്ളലേറ്റതിന് സമാനമായി ടാറ്റൂ ചെയ്ത ഭാഗത്താണ് പൊള്ളലേറ്റത്. ആലപ്പുഴ യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് കഴിഞ്ഞ ദിവസം കൈകളില്‍ ടാറ്റൂ പതിച്ച ശേഷം അസ്വസ്ഥത അനുഭവപ്പെട്ടത്.

മുല്ലയ്ക്കല്‍-കിടങ്ങാംപറമ്പ് ക്ഷേത്രത്തിലെ ചിറപ്പ് മഹോത്സവത്തിൻറെ ഭാഗമായെത്തിയതാണ് ടാറ്റൂ വഴിയോരക്കച്ചവടക്കാര്‍. മൈലാഞ്ചി പതിക്കല്‍ എന്ന പേരില്‍ തെരുവുകളില്‍ ലേലം പിടിച്ച്‌ കട നടത്തുന്നവർ തന്നെയാണ് ടാറ്റൂ പതിക്കലും നടത്തുന്നത്. വിവിധ ആകൃതിയിലുള്ള ടാറ്റൂ കൈത്തണ്ടയിലും ശരീര ഭാഗങ്ങളിലും പതിപ്പിക്കാനായി ആണ്‍കുട്ടികളാണ് കൂടുതലായും ഇവരുടെ വലയില്‍ വീഴുന്നത്.

സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ മൂന്ന് പേരുടെ വിവരങ്ങള്‍ മാത്രമാണ് പുറത്ത് വന്നതെങ്കിലും പലരും പൊള്ളല്‍ രഹസ്യമാക്കി വെച്ചിരിക്കുന്നതായി സംശയമുണ്ടെന്നും അധ്യാപകര്‍ പറയുന്നു. സംഭവം പുറത്തറിഞ്ഞതോടെ ടാറ്റൂ പതിക്കല്‍ കച്ചവടക്കാരെ നഗരസഭ മുന്‍സിപ്പാലിറ്റി ഒഴിപ്പിച്ചിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ കൈകളില്‍ വഴിയോര കച്ചവടക്കാര്‍ പതിക്കുന്ന ഇന്‍സ്റ്റന്‍റ് മെെലാഞ്ചിയും പലര്‍ക്കും പൊള്ളലിന് കാരണമായിട്ടുണ്ട്.

Content highlight: Tattoos from the roadside; burns on children’s hands