വാര്‍ത്താ സമ്മേളനത്തിനിടെ പോലീസ് ഉദ്യോഗസ്ഥൻറെ ഷൂവില്‍ ചുംബിച്ച് വൈഎസ്‌ആര്‍ കോണ്‍ഗ്രസ് എംപി ഗൊരാണ്ട്‌ല മാധവ്. ടിഡിപി അധികാരത്തിലേക്ക് തിരിച്ചെത്തിയാല്‍ പോലീസുകാരെ കൊണ്ട് തൻറെ ഷൂ നക്കിപ്പിക്കുമെന്ന ടിഡിപി നേതാവ് ജെസി ദിവാകര്‍ റെഡ്ഡിയുടെ വിവാദപ്രസ്താവനയ്ക്ക് എതിരെ പ്രതിഷേധ സൂചകമായാണ് മരണപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻറെ ഷൂവില്‍ ഗൊരാണ്ട്‌ല മാധവ് ചുംബിച്ചത്.
ദിവാകര്‍ റെഡ്ഡിയുടെ പ്രസ്താവനയ്‌ക്കെതിരെ പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. വിവാദപ്രസ്താവനയില്‍ തെറ്റ് ഏറ്റുപറഞ്ഞ് മാപ്പപേക്ഷിച്ചില്ലെങ്കില്‍ റെഡ്ഡിക്കെതിരെ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്യുമെന്ന് പോലീസ് അസോസിയേഷന്‍ മുന്നറിയിപ്പും നല്‍കി. ഈ സാഹചര്യത്തിലാണ് റെഡ്ഡിയുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് മുന്‍ പോലീസ് ഇന്‍സ്പെക്ടര്‍ കൂടിയായ മാധവ് പോലീസ് ഉദ്യോഗസ്ഥൻറെ ഷൂവിൽ മുത്തമിട്ടത്.
രാജ്യത്തിൻറെ പരമാധികാരത്തേയും ജനങ്ങളുടെ ജീവനേയും സ്വത്തിനേയും സംരക്ഷിക്കുന്നവരാണ് പോലീസുകാര്‍. അവര്‍ക്കെതിരെ ഇത്തരം പരാമര്‍ശം നടത്താന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കമാന്‍ഡ് അനുവദിക്കുകയാണെങ്കില്‍ എംപി സ്ഥാനം രാജിവെച്ച് പോലീസ് സേവനത്തിലേക്ക് തിരിച്ചുപോവാന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ തുറന്ന് പറഞ്ഞു.
Content highlight; YSR Congress party MP Gorantla Madhav kisses the shoe of a policeman for protest