ഹൈദരാബാദിലെ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് ചുട്ടുകൊന്ന കേസിലെ പ്രതികളെ ഏറ്റുമുട്ടലിൽ വധിച്ച സംഭവത്തില്‍ ഇടപെട്ട് തെലങ്കാന ഹൈക്കോടതി. നാല് മൃതദേഹങ്ങളും റീ പോസ്റ്റുമോര്‍ട്ടം നടത്താൻ തെലങ്കാന ഹൈക്കോടതി ഉത്തരവിട്ടു. തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് മുൻപ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂർത്തിയാക്കണമെന്നും മൃതദേഹം അതിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ബന്ധുക്കളുടെ ഹർജിയിൽ ആണ് ഉത്തരവ്.
കഴിഞ്ഞ ഡിസംബര്‍ ആറിനാണ് ഏറ്റുമുട്ടലില്‍ നാല് പ്രതികളെയും ഹൈദരാബാദ് പൊലീസ് വധിച്ചത്. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട നാല് പ്രതികളുടെയും മൃതദേഹം ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. റീ പോസ്റ്റ്മോർട്ടവും സിബിഐ അന്വേഷണവും ആവശ്യപ്പെട്ട് പ്രതികളുടെ ബന്ധുക്കൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യം ഹൈക്കോടതിയിൽ ഉന്നയിക്കാനായിരുന്നു സുപ്രീം കോടതി നിർദേശം.ഇതിനെത്തുർന്നാണ് തെലുങ്കാന ഹൈക്കോടതി ഉത്തരവിട്ടത്.
നവംബര്‍ 27നാണ് തെലങ്കാനയിൽ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. പ്രതികൾ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പാലത്തിനു താഴെയിട്ട് കത്തിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് തെളിവെടുപ്പിനിടെ എല്ലാ പ്രതികളും പൊലീസിൻറെ വെടിയേറ്റ് കൊല്ലപ്പെട്ടത്.
Content highlight; Telangana rape murder case; Repostmortem of telangana rape accused bodies