പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം; ജില്ലാ ഭരണകൂടവും രാഷ്ട്രീയ നേതാക്കളും ഉൾപ്പടെ കുറ്റക്കാർ

puttingal temple fire

 പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ പൊലീസ്, ജില്ലാ ഭരണകൂടം, രാഷ്ട്രീയ നേതാക്കള്‍, ക്ഷേത്ര കമ്മിറ്റി, വെടിക്കെട്ട് കരാറുകാര്‍ തുടങ്ങിയവര്‍ കുറ്റക്കാരാണെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്. ജസ്റ്റിസ് പി എസ് ഗോപിനാഥന്‍ കമ്മിറ്റിയുടേതാണ് റിപ്പോര്‍ട്ട്.

കൊല്ലം മുന്‍ എംപി പീതാംബരക്കുറിപ്പിനെതിരെയും റിപോർട്ടിൽ പരാമര്‍ശമുണ്ട്. വെടിക്കെട്ടിന് അനധികൃതമായി അനുമതി വാങ്ങിനല്‍കിയത് പീതാംബരക്കുറുപ്പാണ്. വെടിക്കോപ്പുകള്‍ പരിശോധിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിരുന്നില്ലെന്നും പൊലീസ് വീഴ്ച ശ്രദ്ധയില്‍പ്പെട്ടിട്ടും സ്ഥലം സന്ദര്‍ശിച്ച എസിപി നടപടി സ്വീകരിച്ചില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

വെടിക്കെട്ടിന് ലൈസന്‍സ് ലഭിക്കുന്നതിനു മുന്‍പ് തന്നെ ക്ഷേത്രത്തിലും പരിസരത്തുമായി വ്യാപകമായ രീതിയില്‍ വെടിക്കോപ്പുകള്‍ ശേഖരിച്ചിരുന്നു. 75 പൊലീസുകാരെ വെടിക്കോപ്പുകളുടെ സംരക്ഷണത്തിനായി ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ 35 പേര്‍ മാത്രമാണ് സ്ഥലത്ത് പരിശോധനയ്ക്കും സംരക്ഷണത്തിനുമായി ഉണ്ടായിരുന്നത്.

പ്രദേശത്തെ സിഐ, എസ്‌ഐ, എഡിഎം എന്നിവര്‍ അനധികൃത വെടിക്കെട്ടിന് നിശബ്ദമായി അനുമതി നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വെളുപ്പിന് ഒരുമണിക്ക് ശേഷം നിയന്ത്രണങ്ങളില്ലാത്ത തരത്തില്‍ വെടിക്കെട്ടുണ്ടായി. വെളുപ്പിനെ നടന്ന വെടിക്കെട്ടിലാണ് വലിയ തോതില്‍ അപകടമുണ്ടാവുകയും 110 ലധികം ആളുകള്‍ മരിക്കുകയും 400 ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത സാഹചര്യമുണ്ടായത്.

ആവശ്യത്തിന് സ്ഥലം ക്ഷേത്ര പരിസരത്ത് ഉണ്ടായിരുന്നില്ല. വെടിക്കെട്ട് നടക്കുമ്പോള്‍ ആളുകള്‍ തിങ്ങിനിറഞ്ഞ് നിന്നിരുന്നത് മരണസംഖ്യ ഉയരുന്നതിന് കാരണമായി. പൊലീസുമായി സഹകരിച്ച് നീങ്ങാന്‍ ജില്ലാ ഭരണകൂടം തയാറായില്ലെന്നും കമ്മിറ്റി റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലാണ്.

content highlights : judicial commission report on puttingal tragedy