ചിലിയില്‍ കാട്ടുതീ പടരുന്നു. ചരിത്രപ്രാധാന്യമുള്ള തുറമുഖ നഗരവും രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രവുമായ വല്‍പരൈസോയിലാണ് കാട്ടുതീ വ്യാപിക്കുന്നത്. നിരവധി കെട്ടിടങ്ങളും പുല്‍മേടുകളും ഇരുനൂറിലധികം വീടുകളും കാട്ടുതീയില്‍ കത്തിയമര്‍ന്നു. തീയണയ്ക്കാന്‍ അഗ്നിരക്ഷാസേനയും സന്നദ്ധ പ്രവര്‍ത്തകരും ശ്രമിക്കുന്നുണ്ടെങ്കിലും ശക്തമായ കാറ്റ് വീശുന്നത് പ്രതിസന്ധിയാകുന്നു. ആളുകള്‍ അപകടത്തില്‍ പെടാതിരിക്കാനും തീ കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിക്കാതിരിക്കാനുമാണ് ശ്രമിക്കുന്നതെന്ന് വാല്‍പരൈസോ മേയര്‍ ജോര്‍ജ് ഷാര്‍പ് പറഞ്ഞു.
ക്രിസ്‍മസ് ദിനത്തിലാണ് വാല്‍പരൈസോയിലെ ജനവാസകേന്ദ്രങ്ങളിലേക്ക് അപ്രതീക്ഷിതമായി തീ ആളിപ്പടര്‍ന്നത്. ആളപായങ്ങളുണ്ടായതായി റിപ്പോര്‍ട്ടില്ല. എന്നാല്‍ തീ പടര്‍ന്നുകൊണ്ടിരിക്കുന്നതിനാല്‍ ആയിരക്കണക്കിന് ആളുകളെ പ്രദേശത്ത് നിന്ന ഒഴിപ്പിച്ചു. ക്രിസ്‍മസ് ആഘോഷങ്ങള്‍ക്കിടയില്‍ നിന്നാണ് പലരും ഓടി രക്ഷപ്പെട്ടത്.
പുല്‍മേടുകളില്‍ ആരോ ബോധപൂര്‍വം തീയിട്ടതാണെന്ന് സംശയിക്കുന്നതായി ചിലി ആഭ്യന്തര മന്ത്രി ഗോണ്‍സാലോ ബ്ലുമെല്‍ പറഞ്ഞു. കാട്ടുതീയുടെ കാരണം കണ്ടെത്താന്‍ അന്വേഷണം ശക്തമാക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 200 ലധികം കുടുംബങ്ങള്‍ക്ക് വീട് ഇല്ലാതായത് നിര്‍ഭാഗ്യകരമാണെന്നും കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ നിയമ നടപടിയെടുക്കുമെന്നും മന്ത്രി ട്വീറ്റ് ചെയ്‍തു.
വിവിധ നിറങ്ങളിലുള്ള പെയിന്‍റടിച്ച വീടുകളായിരുന്നു വാല്‍പരൈസോ നഗരത്തിന്‍റെ പ്രത്യേകത. ചരിത്രത്തിലെ രണ്ടാമത്തെ വലിയ കാട്ടുതീയാണിത്. 2014 ലാണ് ഇതിനുമുമ്പ് നഗരത്തെ കാട്ടുതീ വിഴുങ്ങിയത്. അന്ന് 12 പേർ കാട്ടുതീയിൽ അകപ്പെട്ട് വെന്ത് മരിക്കുകയും 2000ത്തിലധികം വീടുകള്‍ കത്തിനശിക്കുകയും ചെയ്‍തിരുന്നു.
Content highlights: Wildfire spread in chile more than 200 homes destroyed