കണ്ണൂർ സർവകലാശാലയിൽ നടക്കുന്ന ചരിത്ര കോൺഗ്രസിന്റെ ഉദ്‌ഘാടന വേദിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നേരെ പ്രതിഷേധം. പൗരത്വഭേദഗതിയെ അനുകൂലിച്ച് സംസാരിക്കുന്നതിനിടെയാണ് പ്രതിഷേധം. ജാമിയ മിലിയയിൽ നിന്നെത്തിയ പ്രതിനിധികളടക്കം സിഎഎ ബഹിഷ്‌ക്കരിക്കുക എന്ന മുദ്രാവാക്യമുയർത്തി പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും സിപിഐ എം നേതാക്കൾ ഉൾപ്പടെയുള്ളവരും സംഘാടകരും ഇടപെട്ട് ഇത് തടയുകയായിരുന്നു. ഗവർണർ പ്രസംഗം പൂർത്തിയാക്കി മടങ്ങിയ ശേഷം പ്രതിഷേധം തുടർന്ന നാല് പ്രതിനിധികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പൗരത്വ നിയമഭേദഗതിക്ക് എതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങൾക്കെതിരെ ആവർത്തിച്ച് ഗവർണർ സ്വന്തം പ്രസംഗത്തിൽ പരാമർശം നടത്തിയിരുന്നു. പ്രതിഷേധം സമാധാനപരമാകണമെന്നും, ഇതിൽ എപ്പോൾ വേണമെങ്കിലും സംവാദം നടത്താൻ തയ്യാറാണെന്നും ഗവർണർ പറഞ്ഞു. എങ്കിൽ സംവാദം ഇപ്പോൾത്തന്നെ നടത്താമെന്ന് ചരിത്ര കോൺഗ്രസിൽ പങ്കെടുത്തവർ എഴുന്നേറ്റ് നിന്ന് പറഞ്ഞു. തുടർന്ന് കയ്യിലുള്ള കടലാസുകളിൽ ‘പൗരത്വ നിയമഭേദഗതിയും എൻആർസിയും ഉപേക്ഷിക്കുക’ എന്നെഴുതിയ പ്ലക്കാർഡുകളായി എഴുതി അവർ ഗവർണർക്കെതിരെ മുദ്രാവാക്യം വിളിച്ചു. ഇതേത്തുടർന്നാണ് പൊലീസ് ഇടപെട്ടത്.
എന്നാൽ തന്നെ പ്രതിഷേധിച്ച് നിശ്ശബ്ദനാക്കാനാകില്ലെന്ന് ഗവർണർ തിരിച്ചടിച്ചു. ഭരണഘടനയ്ക്ക് ഭീഷണിയാകുന്ന ഒരു തരത്തിലുള്ള നിയമത്തെയും താൻ അനുകൂലിക്കില്ലെന്നും, കശ്മീരിന്‍റെ പ്രത്യേക അധികാരം റദ്ദാക്കിയതും, പൗരത്വ നിയമഭേദഗതിയും ഭരണഘടനയ്ക്ക് എതിരല്ല, എന്നും ഗവർണർ പറഞ്ഞു. കേരളത്തിലെമ്പാടും പല പരിപാടികളിലും പങ്കെടുക്കുന്ന ഗവർണർ തുടർച്ചയായി പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച് പ്രസംഗിക്കാറുണ്ടായിരുന്നു. ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം നടത്തരുതെന്ന് വിദ്യാർത്ഥി സംഘടന നേതാക്കള്‍ക്ക് ജില്ലാ പൊലീസ് മേധാവി നേരത്തെ തന്നെ താക്കീത് നൽകിയിരുന്നു. എന്നാല്‍ പൊലീസിന്‍റെ കണക്കുകൂട്ടല്‍ തെറ്റിച്ച് വിദ്യാര്‍ഥികള്‍ക്ക് പുറമേ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ചരിത്രകാരന്‍മാരും പ്രതിനിധികളും പ്രതിഷേധിക്കുകയായിരുന്നു.
Content Highlight; protest against governer in Kannur on CAA