മലയാളത്തിലെ ആദ്യ നായിക പികെ റോസിയുടെ ജീവിതം സിനിമയാകുന്നു

p k rosy

മലയാള സിനിമയിലെ ആദ്യ നായികയായ പികെ റോസിയുടെ ജീവിത കഥ  പറയുന്ന സിനിമ പ്രദര്‍ശനത്തിന് ഒരുങ്ങുന്നു. പികെ റോസി എന്ന പേരില്‍ ശശി നടക്കാട് സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഡി. ഗോപകുമാറാണ്. സിനിമയുടെ ആദ്യ പ്രിവ്യു ഷോയുടെ ഉദ്ഘാടനം സാസ്കാരിക മന്ത്രി എകെ ബാലന്‍ ജനുവരി ഒന്നിന് തിരുവനന്തപുരം കലാഭവന്‍ തിയേറ്ററില്‍ നിര്‍വഹിക്കും. പുതുമുഖമായ ഉപന്യയാണ് പികെ റോസിയുടെ വേഷത്തിലെത്തുന്നത്. സിനിമയോടുളള അടങ്ങാത്ത അഭിനിവേശം കൊണ്ട് രണ്ട് മുന്‍ കെഎസ്ആര്‍ടിസി ജീവനക്കാരാണ് ഈ ചിത്രത്തിന്‍റെ അണിയറയില്‍ പ്രവര്‍ത്തിച്ചത്.

മലയാള സിനിമയിലെ ആദ്യ നായികയാണ് പികെ റോസി. സംവിധായകനായ ജെസി ഡാനിലിന്‍റെ വിഗതകുമാരനിലൂടെയാണ് പികെ റോസി എന്ന ദളിത് യുവതിയെ പ്രേഷകർ ആദ്യമായി കാണുന്നത്. സവർണമേധാവിത്വമുള്ള സമയത്ത് അവർണ സ്ത്രീ നായികയായി അഭിനയിക്കുന്നതു കണ്ട് യഥാസ്ഥിതികരായ പ്രേക്ഷകർ രോഷാകുലരായി. അങ്ങനെ വിഗതകുമാരൻറെ ആദ്യ പ്രദർശനം തന്നെ അലങ്കോലപ്പെട്ടിരുന്നു.

സിനിമ പൂര്‍ണ്ണമായും പികെ റോസി എന്ന ദളിത് യുവതിയുടെ അഭിനയമോഹത്തിന്‍റെയും, പലയാനത്തിന്‍റെയും, പരിവേദനത്തിന്‍റെയും കഥയാണ്. പദ്മശ്രീ മധു, ഭീമന്‍ രഘു, ഊർമ്മിള‍ ഉണ്ണി, ചേര്‍ത്തല ജയന്‍, അരിസ്ട്രോ സുരേഷ്, സേതുലക്ഷ്മി, എന്നീ മുതിര്‍ന്ന താരങ്ങളും  സിനിമയില്‍ അണിനിരക്കുന്നുണ്ട്.

Content highlight; the first heroine in Malayalam PK Rossi’s story making as a movie