സംസ്ഥാനത്തെ അതിവേഗ റെയിൽവെ പദ്ധതിയുടെ ലിഡാര്‍ സര്‍വേ ഇന്ന് ആരംഭിക്കും

LiDAR survey

കേരളത്തില്‍ നടപ്പിലാക്കുന്ന അതിവേഗ റെയില്‍വേ പദ്ധതിയായ സില്‍വര്‍ ലൈനിൻ്റെ അന്തിമ അലൈന്‍മെൻ്റ് തീരുമാനിക്കുന്നതിനുള്ള ലിഡാര്‍ സര്‍വേ ഇന്നു കാസര്‍കോട് ആരംഭിക്കും. നാലുപേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന പാര്‍ടനാവിയ പി68 എന്ന ചെറു വിമാനം ഉപയോഗിച്ചാണ് സര്‍വേ നടത്തുന്നത്. ഹൈദരാബാദ് ആസ്ഥാനമായ ജിയോനോ എന്ന സ്ഥാപനത്തിനറെ നേതൃത്വത്തിലാണ് സർവേ നടത്തുന്നത്. പാത കടന്നുപോകുന്ന സ്ഥലങ്ങളെക്കുറിച്ചുള്ള പൂര്‍ണമായ വിവരശേഖരണം സാറ്റലൈറ്റ് വഴിയുള്ള സര്‍വേ വഴി സാധ്യമല്ലാത്തതിനാൽ മരങ്ങളും മറ്റു തടസ്സങ്ങളുമെല്ലാം മറികടന്നു കൃത്യമായി അലൈന്‍മെന്റ് തയ്യാറാക്കാന്‍ ലേസര്‍ ഉപയോഗിച്ചു നടത്തുന്ന ലിഡാര്‍ സര്‍വേയാണ് ഉപയോഗിക്കുന്നത്.

കാലാവസ്ഥ അനൂകൂലമായാല്‍ ആറു ദിവസത്തിനകം സര്‍വേ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് കേരള റെയില്‍വേ ഡവലപ്മെന്റ് കോര്‍പറേഷന്‍ വ്യക്തമാക്കി. ഈ പദ്ധതി പ്രാവര്‍ത്തികമാക്കാൻ കഴിഞ്ഞാൽ കാസര്‍കോട് നിന്ന് വെറും നാല് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് എത്താന്‍ സാധിക്കും. 200 കിലോമീറ്റര്‍ വരെ വേഗത്തില്‍ ട്രെയിന്‍ ഓടിക്കാവുന്ന രണ്ട് റെയില്‍ലൈനുകളാണ് പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്നത്.

56,000 കോടിരൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കൊച്ചുവേളിയില്‍ നിന്ന് കാസര്‍കോടു വരെ 532 കിലോമീറ്ററില്‍ പൂര്‍ത്തിയാക്കുന്ന തരത്തിലാണ് റെയില്‍പാത നിര്‍മ്മിക്കുന്നത്. 11 ജില്ലകളിലൂടെ കടന്നുപോകുന്ന പാതയില്‍ പത്തു സ്റ്റേഷനുകളായിരിക്കും ഉണ്ടാവുന്നത്. രണ്ടാഴ്ച മുൻപ് കേന്ദ്ര മന്ത്രാലയം ഈ പദ്ധതിക്ക് അനുമതി നല്‍കിയിരുന്നു. ഇന്ത്യന്‍ റെയില്‍വേയും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് രൂപീകരിച്ച കെആര്‍ഡിസിഎല്‍ ആണ് പദ്ധതി നടപ്പാക്കുന്നത്.

Content Highlight; the LiDAR  survey of the fastest rail project in the state will begin today