തെരുവുകള്‍ കീഴടക്കി രാത്രിയെ ആഘോഷമാക്കി സ്ത്രീകൾ

women's night walk in kerala

നിര്‍ഭയ ദിനത്തില്‍ വനിത–ശിശുവികസന വകുപ്പ് സംഘടിപ്പിച്ച നൈറ്റ് വാക്കിൽ എണ്ണായിരത്തോളം സ്ത്രീകൾ പങ്കെടുത്തു. ‘സധൈര്യം മുന്നോട്ട്, പൊതുയിടം എന്റേതും’മെന്ന പ്രഖ്യാപനവുമായാണ് വനിതകൾ പാതിരാ നടത്തം ആഘോഷമാക്കിയത്. തിരഞ്ഞെടുക്കപ്പെട്ട 1‌00 കേന്ദ്രങ്ങളിലായി രാത്രി 11 മുതൽ ഒന്നുവരെയായിരുന്നു സ്ത്രീകൾ നടക്കാൻ ഇറങ്ങിയത്. വനിതകളുടെ അവകാശത്തെക്കുറിച്ച്‌ പൊതുസമൂഹത്തെ ബോധവൽക്കരിക്കുക, രാത്രി വൈകി പുറത്തിറങ്ങാനുള്ള സ്ത്രീകളുടെ ഭയം അകറ്റുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങളുമായാണ് പരിപാടി സംഘടിപ്പിച്ചത്.

പൊലീസിന്റെയും മറ്റ്‌ വകുപ്പുകളുടെയും വോളന്റിയർമാരുടെയും സഹകരണത്തോടെയായിരുന്നു പരിപാടി. വനിതാ ദിനമായ മാർച്ച്‌ എട്ടുവരെ വിവിധ ദിവസങ്ങളിൽ അറിയിക്കാതെ രാത്രി നടത്തം സംഘടിപ്പിക്കും. ഒറ്റയ്‌ക്കോ സംഘമായോ ആയിരിക്കും നടത്തം. ഇവരെ ശല്യപ്പെടുത്തുന്നവർക്കെതിരെ നടപടി ഉണ്ടാകുമെന്നും അറിയിച്ചു. ഉദ്‌ഘാടന ദിവസം മുൻകൂട്ടി അറിയിച്ച കേന്ദ്രങ്ങളിലാണ്‌ സ്ത്രീകൾ നടന്നത്. നിർഭയ സെല്ലിന്‍റെ നേതൃത്വത്തിൽ നടന്ന പരിപാടിയില്‍ വിവിധയിടങ്ങളിൽ കലാപരിപാടികളും അരങ്ങേറി.

Content Highlight; women’s night walk program in Kerala on nirbhaya day