ചെന്നിത്തല ചുമത്തിയാൽ പിന്തിരിപ്പന്‍, പിണറായി ചുമത്തിയാൽ പുരോഗമനപരം; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്

ramesh chennithala

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. പന്തിരങ്കാവ് കേസില്‍ യുവാക്കള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയത് എന്തിനെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.എ.പി.എ ചുമത്തിയതിന് എന്ത് ന്യായമാണ് മുഖ്യമന്ത്രി പറയാൻ ഉളളത്? ചെന്നിത്തല ചുമത്തിയാൽ പിന്തിരിപ്പന്‍ പിണറായി ചുമത്തിയാൽ പുരോഗമനപരം എന്നാണോ നയം? എന്താണ് യുവാക്കള്‍ ചെയ്ത തെറ്റ് എന്ന് മുഖ്യമന്ത്രി പറയണമെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം പാസാക്കാൻ കേരള നിയമസഭക്ക് അധികാരമുണ്ടെന്നും ചെന്നിത്തല പറഞ്ഞു. ഗവര്‍ണറെ ബഹിഷ്കരിക്കാന്‍ കോണ്‍ഗ്രസൊ യു.ഡി.എഫോ തീരുമാനിച്ചിട്ടില്ല. എന്നാല്‍ അദ്ദേഹത്തിന്റെ നടപടികളോട് വിയോജിപ്പുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.

ലോക കേരള സഭയെ കുറിച്ച് രാഹുൽ ഗാന്ധി അയച്ച കത്ത് തെറ്റിദ്ധാരണ ജനിപ്പിക്കും വിധം മുഖ്യമന്ത്രി വളച്ചൊടിക്കുകയാണെന്നും അത് രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്ന മുഖ്യമന്ത്രിയുടെ നടപടി ശരിയല്ലായെന്നും ചെന്നിത്തല പറഞ്ഞു. ലോക കേരള സഭയില്‍ വലിയ അഴിമതിയും ധൂര്‍ത്തും നടക്കുന്നു. ഇതുകൊണ്ട് സാധാരണക്കാരായ പ്രവാസികള്‍ക്ക് എന്ത് പ്രയോജനമാണെന്നും ചെന്നിത്തല ചോദിച്ചു.

content highlights: Ramesh Chennithala against UAPA case