മഹാരാഷ്ട്രക്കും ബംഗാളിനും പുറമെ റിപ്പബ്ലിക് ദിന പരേഡിൽ നിന്ന് കേരളത്തിന്റെ നിശ്ചല ദൃശവും ഒഴിവാക്കി

kerala tableau

ഈ വർഷത്തെ റിപബ്ലിക് ദിന പരേഡിൽ നിന്നും കേരളത്തിൻ്റെ നിശ്ചല ചിത്രത്തെ ഒഴിവാക്കി. കേരളത്തിന്റെയും പശ്ചിമബംഗാളിന്റെയും മഹാരാഷ്ട്രയുടെയും ഫ്ളോട്ടുകളാണ് പ്രതിരോധമന്ത്രാലയം ഒഴിവാക്കിയത്. നടപടി രാഷ്ട്രീയപ്രേരിതമാണെന്ന ആരോപണമുയർന്നിട്ടുണ്ട്. വ്യക്തമായ കാരണങ്ങൾ അറിയിക്കാതെയാണ് കേരളത്തിന്‍റെ നിശ്ചല ദൃശ്യത്തിന് അനുമതി നിഷേധിച്ചരിക്കുന്നത്. പരിശോധനയുടെ മൂന്നാം റൗണ്ടിലാണ് കേരളത്തെ ഒഴിവാക്കിയത്.

കലാമണ്ഡലം, വള്ളംകളി, ആനയെഴുന്നള്ളത്ത്, മോഹിനിയാട്ടം, തെയ്യം, കഥകളി, ചെണ്ടകൊട്ട് തുടങ്ങിയ സകല സാംസ്‌കാരിക ദൃശ്യങ്ങളും ഉൾക്കൊള്ളുന്ന തുഴവഞ്ചിയും തോണിയുമാണ് കേരളം പ്രതിരോധമന്ത്രാലയത്തിലെ വിദഗ്ധസമിതിക്കുമുന്നിൽ അവതരിപ്പിച്ചത്. വെള്ളം ലാഭിക്കുന്നതിനുള്ള മാർഗങ്ങളുൾപ്പെടുത്തിയ വികസനപ്രവർത്തനങ്ങളുടെ നിശ്ചലദൃശ്യമാണ് ബംഗാൾ അവതരിപ്പിച്ചത്.

ബംഗാളിനെ ഒഴിവാക്കിയത് മമതയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണെന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു. പ്രതിഷേധങ്ങളോട് പ്രതികാരം ചെയ്യുകയാണ് കേന്ദ്രമെന്നാണ് ത്രണമൂൽ കോൺഗ്രസിന്‍റെ ആരോപണം. പൗരത്വനിയമ ഭേദഗതിയിലുൾപ്പെടെ കേന്ദ്രസർക്കാരിനെ നിരന്തരം എതിർക്കുന്ന സംസ്ഥാനങ്ങളാണ് കേരളവും ബംഗാളും.

എന്നാൽ, റിപ്പബ്ലിക് ദിന പരേഡ് രാജ്യത്തിന്റെ അഭിമാനമാണെന്നും അവിടെ ഏറ്റവും മികച്ചതു മാത്രമാണ് തിരഞ്ഞെടുക്കുന്നതെന്നും ഇക്കാര്യത്തിൽ രാഷ്ട്രീയമില്ലെന്നും ജൂറി അംഗവും പ്രശസ്ത നർത്തകിയുമായ ജയപ്രദാ മേനോൻ പറഞ്ഞു. വിദഗ്ധസമിതി ആവശ്യപ്പെട്ടതുപ്രകാരം തിരുത്തലുകൾ നടത്തി ടാബ്ലോകൾ മൂന്നുതവണയായി അവതരിപ്പിച്ചെന്നും എന്തുകൊണ്ടാണ് തള്ളിയതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടില്ലെന്നും കേരളാ ഹൗസ് റെസിഡന്റ് കമ്മിഷണർ പുനീത് കുമാറും പറഞ്ഞു.

content highlights: Kerala float suggestion for republic day parade rejected