ജാതി മത ചിന്തകള്‍ക്കതീതമായി നിര്‍ധനകുടുംബത്തിലെ ഹിന്ദു യുവതിക്ക് മംഗല്യ ഭാഗ്യമൊരുക്കി മനുഷ്യത്വത്തിൻ്റെ മാതൃകയായിരിക്കുകയാണ് ചേരാവള്ളി മുസ്ലീം ജമാഅത്ത്. മകള്‍ അഞ്ജുവിന്റെ കല്യാണം നടത്താന്‍ നിവൃത്തിയില്ലാതെ ബുദ്ധിമുട്ടുന്ന ബിന്ദുവിനാണ് മുസ്ലീം ജമാഅത്ത് സഹായമൊരുക്കിയത്.
ജാതിയുടെയും മതത്തിൻ്റെയും പേരില്‍ ജനങ്ങളില്‍ ചേരിതിരിവുണ്ടാക്കുന്നവര്ക്കുള്ള മറുപടി കൂടിയാണ് ചേരാവള്ളി ജമാഅത്തിന്റെ പ്രവര്‍ത്തനം. ജനുവരി 19ന് ഞായറാഴ്ച പകല്‍ 11.30 നും 12.30 നും മധ്യേ പള്ളിക്ക് മുമ്പില്‍ ഒരുക്കിയ വേദിയില്‍ വെച്ച് ഹൈന്ദവ ആചാര പ്രകാരമാണ് വിവാഹം നടക്കുന്നത്. പത്ത് പവന് സ്വര്‍ണാഭരണങ്ങളും വസ്ത്രങ്ങളും ഭക്ഷണവും തുടങ്ങി വിവാഹത്തിന് വേണ്ട മുഴുവന്‍ ചെലവുകളും പള്ളി കമ്മിറ്റിയാണ് വഹിക്കുന്നത്. ഇതിന് പുറമെ വരൻ്റെയും വധുവിൻ്റെയും പേരില്‍ രണ്ട് ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിക്കുകയും ചെയ്യും.
വാടകവീട്ടിലാണു ബിന്ദും മൂന്നു മക്കളും താമസിക്കുന്നത്. ഭര്‍ത്താവ് അശോകന് രണ്ടു വര്‍ഷം മുന്‍പു മരിച്ചു. അയല്‍ക്കാരനായ ജമാഅത്ത് സെക്രട്ടറി നുജുമുദ്ദീന്‍ ആലുംമൂട്ടിലിന്റെ നിര്‍ദ്ദേശപ്രകാരമാണു ബിന്ദു ജമാഅത്ത് കമ്മിറ്റിയോടു സഹായം തേടിയത്. ചെലവ് വഹിക്കാന്‍ ഒരു ജമാഅത്ത് അംഗം മുന്നോട്ടുവന്നു.
കഴിഞ്ഞ വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനെത്തിയ വിശ്വാസികളെ അറിയിച്ചപ്പോള്‍ അവരും പിന്തുണയ്ക്കാനായെത്തി. ജമാഅത്ത് കമ്മിറ്റി തയാറാക്കിയ വിവാഹക്ഷണക്കത്ത് സമൂഹമാധ്യമങ്ങളില്‍ മതസൗഹാര്‍ദ മാതൃകയായി പ്രചരിക്കുകയാണ്. അഞ്ജുവും സഹോദരി അമൃതാഞ്ജലിയും സാമ്പത്തിക പ്രയാസം കാരണം പ്ലസ് ടു കഴിഞ്ഞു പഠനം നിര്‍ത്തുകയായിരുന്നു. ആനന്ദാണ് ഇളയ സഹോദരന്.
Content Highlights: Jama ath committee arranged marriage function for the poor girl