പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് പെന്‍ഷന്‍; വാഗ്ദാനവുമായി സമാജ് വാദി പാർട്ടി

samajwadi party

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് പെന്‍ഷന്‍ ഉറപ്പാക്കുമെന്ന വാഗ്ദാനവുമായി സമാജ് വാദി പാര്‍ട്ടി. തെരഞ്ഞെടുപ്പില്‍ വിജയിച്ച്‌ അധികാരം നേടാനായാല്‍ പ്രതിഷേധക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കാമെന്നാണ് സമാജ് വാദി പാര്‍ട്ടിയുടെ പ്രഖ്യാപനം.

ഉത്തര്‍പ്രദേശിലെ പ്രതിപക്ഷ നേതാവ് രാം ഗോവിന്ദ് ചൗധരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉത്തര്‍പ്രദേശില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധങ്ങളെ തുടര്‍ന്ന് അറസ്റ്റിലായവരുടെ ബന്ധുക്കള്‍ക്ക് പാര്‍ട്ടി നഷ്ടപരിഹാരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്താനില്‍ ഹിന്ദുക്കള്‍ നേരിടുന്ന പീഡനത്തെ കുറിച്ച് മനസ്സിലാക്കാന്‍ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ഒരുമാസം പാകിസ്താനില്‍ കഴിയണമെന്ന സംസ്ഥാന ബി.ജെ.പി. അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിങ്ങിൻ്റെ പ്രസ്താവനയോടും രാം ചൗധരി പ്രതികരിച്ചു. യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും രാം ഗോവിന്ദ് ചൗധരി ആരോപിച്ചു. ചോദ്യം ഉയര്‍ത്തുന്നവരെയെല്ലാം പാകിസ്താനിലേക്ക് പറഞ്ഞയക്കാനാണ് ബിജെപിയുടെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Samajwadi party promises pension to anti caa protesters