ലോകത്തിലെ ഏറ്റവും വലിയ പുഷ്പമായ റഫ്ലേഷ്യയുടെ ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ ഇനം വിരിഞ്ഞു. ഇന്‍ഡോനേഷ്യയിലെ പടിഞ്ഞാറന്‍ സുമാത്രയിലെ സംരക്ഷിത വനപ്രദേശത്താണ് ഇത് വിരിഞ്ഞത്. പുഷ്പിച്ച ശേഷം വെറും ഒരാഴ്ച മാത്രമായിരിക്കും ഈ പൂവിൻറെ ആയുസ്. സുമാത്രയിലെ പരിസ്ഥിതി സംരക്ഷണ ഏജന്‍സിയാണ് ഈ വമ്പന്‍ പുഷ്പം കണ്ടെത്തിയത്.
ഈ പൂവിന്റെ മൊത്തത്തില്‍ വ്യാസം 111 സെന്റീമീറ്റര്‍ വരും. നേരത്തെ കണ്ടെത്തിയ ലോകത്തിലെ ഏറ്റവും വലിയ പുഷ്പത്തിന്റെ ഇനത്തിന് വ്യാസം 107 സെന്റീമീറ്റര്‍ ആയിരുന്നു. പടിഞ്ഞാറന്‍ സുമാത്രയിലെ കാട്ടില്‍ നിന്നും കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇത് കണ്ടെത്തിയത്. റഫ്ലേഷ്യപുഷ്പത്തിന് 15 കിലോ വരെ ഭാരമുണ്ടാകും. ഗവേഷകര്‍ ഈ പൂവ് കണ്ടെത്തിയ പ്രദേശത്തിനു സമീപം മറ്റ് 4 റഫ്ലേഷ്യ പുഷ്പം കൂടി വരുന്ന മാസങ്ങളില്‍ വിരിയുമെന്നാണ് നിഗമനം. ഇപ്പോള്‍ വിടര്‍ന്നു നില്ക്കുന്ന പൂവിൻറെ ഇതളുകള്‍ക്ക് ഇനിയും വ്യാപ്തി വര്‍ധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ഇതുവരെ രേഖകളില്‍ കണ്ടെത്തിയ ഏറ്റവും വലിയ റഫ്ലേഷ്യ പുഷ്പമാണ് ഇതെന്നാണ് സുമാത്രയിലെ അഗം കണ്‍സര്‍വേഷന്‍ ഏജന്‍സി ഗവേഷകന് അദേ പുത്ര പറയുന്നത്.
ലോകത്താകമാനം 31 ഇനത്തില്‍ പെട്ട റഫ്ലേഷ്യ പൂക്കളുണ്ട്. ഇതില്‍ റഫ്ലേഷ്യ ട്യുവാന്‍ മ്യൂഡേ എന്നാണ് ഇപ്പോള്‍ വിരിഞ്ഞു നില്ക്കുന്ന ഇനത്തിൻറെ പേര്. ഇലയോ, തണ്ടോ ഇല്ലാത്ത റഫ്ലേഷ്യ ഒരു പരാദസസ്യവുമാണ്. പുഷ്പിക്കുന്നത് മുതല്‍ വന്‍ ദുര്‍ഗന്ധം പുറപ്പെടുവിക്കുന്ന ഇവ, തെക്കുകിഴക്കന്‍ ഏഷ്യന്‍ ദ്വീപുകളായ മലായ് ഉപദ്വീപ്, ബോര്‍ണിയോ, സുമാത്ര, ഫിലിപ്പീന്‍സ് എന്നിവിടങ്ങളാണ് കാണപ്പെടാറുള്ളത്. അഴുകിയ മാംസത്തിൻറെ ദുര്‍ഗന്ധം വമിക്കുന്നതിനാല്‍ ‘ശവംനാറി’യെന്നാണ് പ്രാദേശികനാമം. മലേഷ്യയിലെ സഭ സംസ്ഥാനത്തിൻറെയും തായ്ലന്ഡിലെ സുരത്താനി പ്രവിശ്യയുടെയും സംസ്ഥാന പുഷ്പമാണ് റഫ്ലേഷ്യ.
പത്തൊന്‍പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷുകാരനായ സര് സ്റ്റാംഫോര്‍ഡ് റഫല്സാമ് പുഷ്പത്തെ കണ്ടെത്തിയത്. ഇതിനെ തുടര്‍ന്നാണ് പുഷ്പത്തിന് റഫ്ളേഷ്യ എന്ന് പേര് നല്‍കിയത്.
Content highlight; world’s largest bloom Rafflesia found in indonesia