പൗ​ര​ത്വ ഭേദഗതി നിയമം; കേ​ന്ദ്ര​മ​ന്ത്രി​യോ​ട് വി​യോ​ജി​പ്പ് തു​റ​ന്നു പ​റ​ഞ്ഞ് ജോ​ര്‍​ജ് ഓ​ണ​ക്കൂ​ര്‍

ബിജെപിയുടെ സംസ്ഥാനത്തെ ഗൃഹസമ്പർക്ക പരിപാടിയുടെ ഭാഗമായി വീട്ടിൽ എത്തിയ കേന്ദ്രമന്ത്രി കിരൺ റിജിജുവിനോവിനോട് പൗരത്വ നിയമഭേദഗതിയോടുള്ള വിയോജിപ്പ് അറിയിച്ച് സാഹിത്യകാരൻ ജോർജ്ജ് ഓണക്കൂർ. വീടുകള്‍ കയറിയുള്ള ജന സമ്പര്‍ക്ക പരിപാടിക്കായി കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി സംസ്ഥാന ബിജെപി നേതാക്കള്‍ക്കൊപ്പം ജോര്‍ജ്ജ് ഓണക്കൂറിന്റെ വീട്ടിലെത്തിയപ്പോഴാണ് പൗരത്വ നിയമ ഭേദഗതിയില്‍ അദ്ദേഹം ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയത്.

പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് കേന്ദ്രമന്ത്രി വിശദീകരിച്ചപ്പോള്‍ തന്റെ എതിര്‍പ്പ് ജോര്‍ജ് ഓണക്കൂര്‍ അറിയിക്കുകയായിരുന്നു. ഒരു മതവിഭാഗത്തെ മാത്രം ഒഴിവാക്കി ആറ് മതങ്ങളെ പൗരത്വ ഭേദഗതി നിയമത്തില്‍ ഉള്‍പ്പെടുത്തിയ നടപടി ശരിയല്ലെന്നും മുസ്ലീങ്ങളെ മാത്രം ഒഴിവാക്കിയത് രാജ്യത്തിൻ്റെ ജനാധിപത്യ സ്വഭാവത്തിന് എതിരാണെന്നും ജോര്‍ജ്ജ് ഓണക്കൂര്‍ മന്ത്രിയോട് പറഞ്ഞു. നിയമത്തിനെതിരേയുള്ള പ്രതിഷേധം തണുപ്പിക്കാന്‍ സംസ്ഥാനത്ത് കിരണ്‍ റിജ്ജുവിന്റെ നേതൃത്വത്തില്‍ നടത്തിയ ബിജെപിയുടെ ആദ്യ ഗൃഹ സന്ദര്‍ശന പരിപാടിയായിരുന്നു ഇത്.

നിയമം ഏതെങ്കിലും ഒരു മതത്തിന് എതിരല്ലെന്നും താന്‍ ആഭ്യന്തര സഹമന്ത്രിയായിരുന്നപ്പോള്‍ കുടിയേറ്റക്കാരായ നല്ല മുസ്ലീങ്ങള്‍ക്ക് പൗരത്വം നല്‍കിയിട്ടുണ്ടെന്നും കിരണ്‍ റിജ്ജു വ്യക്തമാക്കി. ജനാധിപത്യത്തില്‍ വിയോജിക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നും, കേന്ദ്ര നിയമത്തിനെതിരേ കേരള നിയമസഭ പാസാക്കിയ പ്രമേയം ഭരണഘടനാ വിരുദ്ധമാണെന്നും മന്ത്രി വ്യക്തമാക്കി. പൗരത്വ നിയമ ഭേദഗതി ബോധവത്കരണത്തിൻ്റെ ഭാഗമായി പത്ത് ദിവസത്തെ പ്രചാരണ പരിപാടികളാണ് ബിജെപി രാജ്യവ്യാപകമായി സംഘടിപ്പിച്ചിരിക്കുന്നത്.