അതിവേഗ റെയില്‍പാതാ പദ്ധതി; ആകാശ സര്‍വേ പൂര്‍ത്തിയാക്കി 

aerial survey

കേരളത്തിന്‍റെ അര്‍ധ അതിവേഗ റെയില്‍പാതയായ സില്‍വര്‍ ലൈനിന്‍റെ അലൈന്‍മെന്‍റ് നിശ്ചയിക്കുന്നതിനുള്ള ആകാശ സര്‍വെ പൂര്‍ത്തിയായി. വിശദമായ പദ്ധതി റിപ്പോര്‍ട്ട് ഉടന്‍ തയ്യാറാക്കുമെന്ന് കേരള റെയില്‍ ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ അറിയിച്ചു.

കാസര്‍കോട്ടു നിന്നാരംഭിച്ച സര്‍വേക്ക്‌ ഒരാഴ്‌ചയാണ്‌ നിശ്‌ചയിച്ചതെങ്കിലും ആറു ദിവസംകൊണ്ട്‌ പൂര്‍ത്തിയാക്കി. ഹൈദരാബാദിലെ ജിയോനോ എന്ന സ്ഥാപനത്തിനായിരുന്നു ചുമതല. ലൈറ്റ് ഡിറ്റക്‌ഷന്‍ ആന്‍ഡ് റേഞ്ചിങ് (ലിഡാര്‍) സാങ്കേതികവിദ്യയിലൂടെ ലേസര്‍ സ്കാനറുകളും സെന്‍സറുകളും ഉപയോഗിച്ചായിരുന്നു സര്‍വേ. ലൈന്‍ ദൈര്‍ഘ്യമായ 531.45 കിലോമീറ്റര്‍ ആകാശ സര്‍വേക്കായി പാര്‍ട്ടെനേവിയ പി 68 എന്ന വിമാനവും ലിഡാര്‍ സംവിധാനവുമാണ് ഉപയോഗിച്ചത്. ഹൈദരാബാദ് ആസ്ഥാനമായ ജിയോനോ ഇന്ത്യ ലിമിറ്റഡ് എന്ന സ്ഥാപനമാണ് അതിവേഗ റെയില്‍പാതക്കുള്ള ആകാശ സര്‍വെ നടത്തിയത്.

ഭൂമിയുടെ കിടപ്പിനെക്കുറിച്ചുള്ള കൃത്യമായ ത്രിമാനരൂപം ഇതിലൂടെ ലഭിച്ചു. സ്റ്റേഷന്‍ പ്രദേശങ്ങളും സര്‍വേ ചെയ്തിട്ടുണ്ട്. അഞ്ചുമുതല്‍ പത്തു സെൻ്റിമീറ്റര്‍ വരെ സൂക്ഷ്മമായ വിവരം ലഭിച്ചിട്ടുണ്ട്‌. വിശദവും കൃത്യവുമായ വിവരം ജനജീവിതത്തിനു തടസ്സമാകാതെ ലിഡാര്‍ സര്‍വേ വഴി ലഭ്യമായി. കാട്, നദി, റോഡ്‌, നീര്‍ത്തടം, കെട്ടിടം, വൈദ്യുതി ലൈന്‍, പൈതൃകമേഖല എന്നിവയും കൃത്യമായി നിര്‍ണയിച്ചിട്ടുണ്ട്. ഉയര്‍ന്ന റെസൊല്യൂഷന്‍ ക്യാമറയാണ് ലിഡാര്‍ യൂണിറ്റില്‍ ഉപയോഗിച്ചത്. നഗരങ്ങളില്‍ ആകാശപാതകളിലൂടെയാകും റെയില്‍ ലൈന്‍ കടന്നുപോകുക.

സര്‍വേ ജനറല്‍ ഓഫ്‌ ഇന്ത്യക്ക്‌ കൈമാറുന്ന സര്‍വേ വിവരങ്ങള്‍ സര്‍വേയര്‍ ജനറല്‍ നവീന്‍ ടോമറിൻറെ നേതൃത്വത്തില്‍ പരിശോധിക്കും. തന്ത്രപ്രധാന മേഖലകള്‍ ഒഴിവാക്കിയെന്ന്‌ ഉറപ്പാക്കിയശേഷം റിപ്പോര്‍ട്ട് കെആര്‍ഡിസിഎല്ലിന്‌ കൈമാറും. ഒരാഴ്‌ചയ്‌ക്കകം ഇത്‌ ലഭ്യമാകുമെന്ന്‌ കെആര്‍ഡിസിഎല്‍ എംഡി വി അജിത്കുമാര്‍ അറിയിച്ചു. തുടര്‍ന്ന്‌ വിശദ പദ്ധതി റിപ്പോര്‍ട്ടും ലൊക്കേഷന്‍ സര്‍വേയും തയ്യാറാക്കും.

കാസര്‍കോട്ടുനിന്ന്‌ നാലു മണിക്കൂര്‍കൊണ്ട്‌ തിരുവനന്തപുരത്ത്‌ എത്താവുന്ന സ്വപ്‌നപദ്ധതിക്ക്‌ 66,000 കോടി രൂപയാണ്‌ മുതല്‍മുടക്ക്‌. ഈ തുക കേന്ദ്ര സര്‍ക്കാരിൽ നിന്നും അനുമതി ലഭിച്ചിട്ടുണ്ട്. 2024ല്‍ യാഥാര്‍ഥ്യമാക്കുകയാണ്‌ ലക്ഷ്യം. കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളുമായും പ്രധാന റെയിൽവേ സ്റ്റേഷനുകളുമായും അതിവേ​ഗ പാതയെ ബന്ധിപ്പിക്കും.

ആകെ പത്തു സ്റ്റേഷനുകളാണുണ്ടാവുക. 200 കിലോമീറ്റര്‍ വേഗത്തിലാണ് സില്‍വര്‍ ലൈനിലൂടെ വണ്ടിയോടുക. വിശദ റിപ്പോര്‍ട്ട സമര്‍പിച്ചാല്‍ 10 മാസത്തുള്ളില്‍ അന്തിമ അനുമതി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ന​ഗരമേഖലകളിൽ ആകാശപാതയിലൂടെയാവും ട്രെയിൻ കടന്നു പോകുക.

Content highlight: an aerial survey of the silver line has been completed within one week