ഗതാഗത നിയന്ത്രണം ഏറ്റെടുത്ത് മന്ത്രി

kadakampalli surendran

തലസ്ഥാന നഗരത്തിൽ ഗതാഗത കുരുക്കിൽ പെട്ട മന്ത്രി കടകംപളളി സുരേന്ദ്രൻ അവസാനം ഗതാഗത നിയന്ത്രണം ഏറ്റെടുത്തു. കുന്നത്തുകാലിൽ ഒരു പരിപാടിക്ക് പങ്കെടുക്കുവാൻ ഇറങ്ങിയ മന്ത്രി തലസ്ഥാന നഗരത്തിലെ ഇടപ്പഴഞ്ഞിയിൽ ഗതാഗത കുരുക്കിൽ പെടുകയായിരുന്നു.

നഗരത്തിൽ തിരക്കേറിയ മണിക്കൂറിൽ ട്രാഫിക് സിഗ്നൽ തകരാറിലായതോടെയാണ് ഗതാഗതം താറുമാറായത്. ഇതുമൂലം അനിയന്ത്രിതമായ തിരക്കുവരുകയും നിരവധി വാഹനങ്ങൾ കിലോമീറ്ററോളം ക്യൂവിൽ നീളുകയും ചെയ്തു. ഗതാഗത നിയന്ത്രണത്തിന് ആകെ ഒരു പോലീസുകാരൻ മാത്രമായിരുന്നു ഉണ്ടായിരുന്നത്.

തിരക്കിൽ പെട്ട് നട്ടം തിരിഞ്ഞതോടെ രണ്ട് കൽപ്പിച്ച് മന്ത്രി റോഡിലിറങ്ങുകയും ട്രാഫിക് നിയന്ത്രണം ഏറ്റെടുക്കുകയും ആയിരുന്നു. മന്ത്രി ഇറങ്ങിയതോടെ വൻ പോലീസ് സന്നാഹം സ്ഥലത്തെത്തി ഗതാഗത കുരുക്ക് മാറ്റി. ട്രാഫിക് പൊലീസിന്‍റെ പണി മന്ത്രി ഏറ്റെടുത്തത് കണ്ടുനിന്നവരിലും കൗതുകമുണ്ടാക്കി.

content highlights: minister kadakampalli surendran took control traffic jam