ജഗ്ഗി വാസുദേവിൻറെ നിയന്ത്രണത്തിലുള്ള ഇഷാ ഫൌണ്ടേഷൻ ‘കാവേരി കോളിങ് പദ്ധതി’ക്കായി സമാഹരിച്ച പണം വെളിപ്പെടുത്തുന്ന സത്യവാങ്മൂലം സമർപ്പിയ്ക്കാൻ കർണാടക ഹെെക്കോടതി ഉത്തരവിട്ടു. ഏത് രീതിയിൽ എങ്ങനെയാണ് പണം സമാഹരിച്ചതെന്ന് വ്യക്തമായി സത്യവാങ്മൂലത്തിൽ പറയണമെന്നും കോടതി നിർദ്ദേശിച്ചു. ജസ്റ്റീസുമാരായ അഭയ് ഓക്കയുടേയും ഹേമന്ദ് ചന്ദൻ ഗൌഡറിൻറേയും നേത്യത്വത്തിലുള്ള ഡിവിഷൻ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. കാവേരി കോളിങ് പദ്ധതിക്കായി സ്വമേധയാണ് പണം സമാഹരിച്ചതെങ്കിൽ എന്തുകൊണ്ട് ജഗ്ഗി വാസുദേവ് ക്യത്യമായ തുക വെളിപ്പെടുത്തുന്നില്ല എന്ന് കോടതി ചോദിച്ചു.
ഒരു ആത്മീയ സംഘടന ആയതുകൊണ്ട് നിയമം ബാധകമാവില്ലെന്ന് വിശ്വസിക്കരുതെന്നും കോടതി രൂക്ഷമായി വിമർശിച്ചു. എ വി അമർനാഥൻ നൽകിയ പരാതിയാണ് കോടതി പരിഗണിച്ചത്. കാവേരി നദിയുടെ പുനരുജ്ജീവന പ്രവർത്തനത്തിൽ ആരെങ്കിലും സ്വമേധയ പണം സമാഹരിക്കുന്നതിൽ തെറ്റില്ലെന്നും എന്നാൽ നിർബന്ധിച്ച് പണ പിരിവ് നടത്തുന്നത് അംഗീകരിക്കാൻ ആവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത്തരം ആത്മീയ സംഘടനങ്ങൾ നിയന്ത്രണമില്ലാതെ പണം പിരിക്കുന്നതിനെതിരെ കേന്ദ്രം ഒരു നടപടിയും എടുക്കാത്തതിൽ കോടതി അപലപിച്ചു.
ഒരു വ്യക്തി രാജ്യത്തിൻറെ പേരിൽ തന്നിൽ നിന്ന് പണം സമാഹരിച്ചെന്ന് ആരെങ്കിലും പരാതിപ്പെട്ടാൽ അതിൻറെ പൂർണ ഉത്തരവാദിത്വം കേന്ദ്ര സർക്കാരിന് തന്നെയാണെന്ന് ജസ്റ്റീസ് അഭയ് ഓക്ക വിമർശിച്ചു. എന്നാൽ ഒരു പരാതിയും ഇതുവരെ കിട്ടിയിട്ടില്ലെന്നും ഒരു സംഘടനയേയും പണം പിരിക്കാൻ ഏൽപ്പിച്ചിട്ടില്ലെന്നുമാണ് കർണാടക സർക്കാരിൻറെ വാദം.
കാവേരി നദി തീരങ്ങളിലായി തലകാവേരി മുതൽ തിരുവാവൂർ വരെ 639 കിലോമീറ്ററിൽ 235 കോടി വ്യക്ഷതെെകൾ നട്ടുപിടിപ്പിക്കുക എന്നതായിരുന്നു ഇഷാ ഫൌണ്ടേഷൻറെ പദ്ധതി. ഇതിനായി ഒരോ വൃക്ഷത്തെെക്ക് 42 രൂപ വീതം ആളുകളിൽ നിന്ന് പിരിക്കണം. അങ്ങനെ പിരിച്ചാൽ 10.626 കോടി രൂപ സമാഹരിക്കാൻ കഴിയും. ഇത്രയും കോടി രൂപ ആളുകളിൽ നിന്ന് സമാഹരിക്കുന്നത് വലിയ അഴിമതിയാണെന്ന് പരാതിക്കാരനായ എ വി അമർനാഥൻ പറയുന്നു.
സർക്കാർ അനുമതിയില്ലാതെ ഗവണമെൻറിൻറെ സ്ഥലത്ത് ഒരു സ്വകാര്യ സംഘടന പ്രവർത്തനം നടത്തുന്നത് അനുവദനീയമല്ല. പഠനങ്ങൾ നടത്തിയിട്ടാണ് ഇത്തരത്തിലൊരു പദ്ധതിക്ക് രൂപം നൽകിയതെന്ന് ഫൌണ്ടേഷൻ വാദിക്കുന്നുണ്ടെങ്കിലും പദ്ധതിക്ക് കേന്ദ്രം അനുമതി നൽകിയതിൻറെ യാതൊരു തെളിവുമില്ലെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. ഫെബ്രുവരി 12 ന് കേസിൻറെ തുടർവാദം കേൾക്കും.
content highlights: karnataka hc asks sadhguru jaggi vasudev isha foundation amounts collected for cauvery calling project