പൗരത്വ ഭേദഗതി നിയമം; പ്രധാനമന്ത്രിക്ക് വിദ്യാര്‍ത്ഥികളെ കൊണ്ട് അഭിനന്ദന കത്തെഴിതിപ്പിച്ച സംഭവം വിവാദമാകുന്നു

pro-CAA postcards

പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയ പ്രധാനമന്ത്രിക്ക് അഭിനന്ദന കത്തെഴുതാന്‍ പ്രേരിപ്പിച്ച പ്രൈവറ്റ് സ്‌കൂള്‍ അധികൃതരുടെ നടപടി വിവാദമാകുന്നു. അഞ്ചാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികളെ കൊണ്ടാണ് സ്‌കൂള്‍ അധികൃതര്‍ പ്രധാനമന്ത്രിക്ക് അഭിനന്ദനം അറിയിച്ച് കൊണ്ടുള്ള കത്തെഴുതാന്‍ ആവശ്യപ്പെട്ടത്.

സംഭവം അറിഞ്ഞതിന് പിന്നാലെ രക്ഷിതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് കുട്ടികളെക്കൊണ്ട് എഴുതിച്ച് വാങ്ങിയ പോസ്റ്റുകാര്‍ഡുകള്‍ സ്‌കൂള്‍ അധികൃതര്‍ തിരികെ നല്‍കി. അഹമ്മദാബാദിലെ കങ്കരിയയില്‍, ഓള്‍ ഗേള്‍സ് സ്‌കൂളായ ലിറ്റില്‍ സ്റ്റാര്‍ സ്‌കൂളിലാണ് സംഭവം.

‘അഭിനന്ദനങ്ങള്‍, ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സിഎഎ നടപ്പാക്കിയതില്‍ അഭിനന്ദിക്കുന്നു. ഞാനും എൻറെ കുടുംബവും പൗരത്വ ഭേദഗതി നിയമത്തെ പിന്തുണയ്ക്കുന്നു.’ എന്ന സന്ദേശം പോസ്റ്റ് കാര്‍ഡുകളില്‍ എഴുതി പ്രധാനമന്ത്രിയുടെ ഓഫീസ് അഡ്രസ് എഴുതി നല്‍കാനായിരുന്നു നിര്‍ദ്ദേശം.

കുട്ടികള്‍ സംഭവം വീട്ടില്‍ അറിയച്ചതോടെ രക്ഷിതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഈ നിയമം എന്താണെന്ന് പോലും അറിയാത്ത കുട്ടികളെ കൊണ്ടാണ് ഇത്തരം പ്രവര്‍ത്തികള്‍ അധ്യാപകര്‍ ചെയ്പ്പിച്ചത്. എന്നാൽ ഈ സമയം പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ഇൻ്റേണല്‍ പരീക്ഷ എഴുതുകയായിരുന്നു. അതിനിടയിലാണ് ഈ വിദ്യാർത്ഥികളോടും പോസ്റ്റ്കാര്‍ഡുകള്‍ എഴുതാന്‍ പറഞ്ഞത്.

പ്രതിഷേധിച്ചപ്പോള്‍, ഈ പോസ്റ്റ്കാര്‍ഡുകള്‍ സമര്‍പ്പിക്കാത്തവര്‍ക്ക് ഇൻ്റേണല്‍ പരീക്ഷയില്‍ മാര്‍ക്ക് നല്‍കില്ലെന്നായിരുന്നു പ്രതികരണമെന്ന് ഒരു രക്ഷിതാവ് ആരോപിച്ചു. പ്രതിഷേധവുമായി രംഗത്തെത്തിയ ചില മാതാപിതാക്കള്‍ പൗരത്വ ഭേദഗതി നിയമത്തിനോട് യോജിക്കാന്‍ കഴിയില്ലെന്നും പ്രതികരിച്ചു.

Content highlights: Gujarat school asks students to write congratulatory pro-CAA postcards to PM Modi