ജെഎൻയുവിലുണ്ടായ മുഖംമൂടി ആക്രമണത്തിൽ വൈസ് ചാൻസിലർക്കെതിരെ ഗുരുതര ആരോപണവുമായി ഡൽഹി പോലീസ് രംഗത്തെത്തി. ആക്രമണം നടക്കുമ്പോൾ ക്യാമ്പസിൽ പ്രവേശിക്കാൻ വിസി അനുവാദം നൽകിയില്ല. സുരക്ഷാ ജീവനക്കാർ സംഘർഷം നിയന്ത്രിക്കുമെന്ന അറിയിപ്പാണ് ലഭിച്ചത്. മണിക്കൂറുകൾക്ക് ശേഷമാണ് അധികൃതർ രേഖാമൂലം പരാതി നൽകിയതെന്നും പോലീസ് വ്യക്തമാക്കി. സംഘർഷം നടക്കുന്നുവെന്ന കാര്യം വിസി അറിയിച്ചത് വാട്ട്‌സാപ്പ് ഗ്രൂപ്പിലൂടെയാണെന്നും ഡൽഹി പോലീസ് പറഞ്ഞു.
ക്യാമ്പസിനുള്ളിലെ ഒരു ഗ്രൂപ്പിൽ നിന്നും പിന്തുണ ലഭിച്ച അക്രമിസംഘത്തിൽ 30 വയസിൽ താഴെയുള്ളവരാണ് ഉണ്ടായിരുന്നത്. അക്രമികളെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചു. സംഘത്തിൽ ഒരു സ്‌ത്രീയും ഉണ്ടായിരുന്നതായി അന്വേഷണ സംഘം കൂട്ടിച്ചേർത്തു. വനിതാ ഉൾപ്പെടെ മുഖംമൂടി സംഘത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭിച്ചെങ്കിലും ആരെയും കസ്‌റ്റഡിയിലെടുക്കാനോ അറസ്‌റ്റ് ചെയ്യാനോ അന്വേഷണ സംഘം തയ്യാറായിട്ടില്ല. ഇവര്‍ ആരാണെന്നതു സംബന്ധിച്ചോ ഏതു സംഘടനയില്‍പ്പെട്ടവരാണെന്നോ ഉള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
വിസിക്കെതിരെയും ഡൽഹി പോലീസിനെതിരെയും അധ്യാപകരിൽ നിന്നും വിദ്യാർഥികളിൽ നിന്നും ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് നിലപാട് വ്യക്തമാക്കി ഡൽഹി പോലീസ് രംഗത്തുവന്നിരിക്കുന്നത്.
Content highlights: jnu masked attacks, Delhi police against v.c