തൊഴിലാളി പണിമുടക്കിനിടെ സമരാനുകൂലികൾ നൊബേൽ സമ്മാന ജേതാവിനെ തടഞ്ഞ സംഭവത്തിൽ സംസ്ഥാന സർക്കാർ ക്ഷമ ചോദിച്ചു. ആലപ്പുഴ ജില്ലാ കളക്ടർ നൊബേൽ ജേതാവ് മൈക്കൽ ലെവിറ്റിനെ നേരിൽ കണ്ടാണ് ക്ഷമ ചോദിച്ചത്. അതേസമയം സമരാനുകൂലികൾ തന്നെ തടഞ്ഞതിൽ പരാതിയില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.
ഇന്നലെ കുമരകത്ത് മൈക്കൽ ലെവിറ്റും ഭാര്യയും സഞ്ചരിച്ച ഹൗസ് ബോട്ട് ആർ ബ്ലോക്കിൽ വച്ചാണ് ചില സമരാനുകൂലികൾ തടഞ്ഞത്. രണ്ട് മണിക്കൂറോളം ഇവർ കായലിൽ കുടുങ്ങുകയായിരുന്നു. വിനോദ സഞ്ചാരമേഖലയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കുന്നെന്ന് പ്രഖ്യാപിച്ചിട്ടും നൊബേൽ ജേതാവിനെ തടഞ്ഞ സംഭവം വിവാദമായി.
ബോട്ട് തടഞ്ഞ സംഭവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർ സിഐടിയു പ്രവർത്തകരാണെന്ന് പോലീസ് പറഞ്ഞു. വിനോദ സഞ്ചാര മേഖലയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കുന്നെന്ന പ്രഖ്യാപനത്തിന് വിരുദ്ധമായിട്ടായിരുന്നു ഇവർ പ്രവർത്തിച്ചത്. 2013ൽ കെമിസ്ട്രിയിൽ നൊബേൽ പുരസ്കാരം നേടിയ മൈക്കൽ ലെവിറ്റ് ലിത്വാനിയൻ സ്വദേശിയാണ്. നിലവിൽ സ്റ്റാൻഫോർഡ് സർവകലാശാല അധ്യാപകനാണിദ്ദേഹം. സമരാനുകൂലികൾ തന്നെ തടഞ്ഞതിൽ പരാതിയില്ലെന്നും കേരളം മനോഹരമാണെന്നും വിവാദങ്ങളിൽ താൽപ്പര്യമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Content highlights: Kerala government offers apology to Nobel laureate Michael Levitt after trade union workers stopped houseboat in Alappuzha on Bharat bandh