ഇന്ത്യയിലെ തേജസ് യുദ്ധവിമാനം വിമാനവാഹിനിക്കപ്പലായ ഐ.എന്‍.എസ് വിക്രമാദിത്യയില്‍ ഇറക്കി
വ്യോമസേനയുടെ ഭാഗമായ ലൈറ്റ് കോംപാറ്റ് എയര്‍ക്രാഫ്റ്റിൻറെ (എല്‍സിഎ) നേവി വേരിയൻ്റ് , തേജസ് യുദ്ധവിമാനം നാവികസേനയുടെ വിമാനവാഹിനിക്കപ്പലായ ഐ.എന്‍.എസ് വിക്രമാദിത്യയില്‍ വിജയകരമായി പറന്നിറങ്ങി. ഇതോടെ റഷ്യ, അമേരിക്ക, ഫ്രാന്‍സ്, യു.കെ, ചൈന എന്നിവയ്ക്ക് ശേഷം ഒരു വിമാനവാഹിനിക്കപ്പലില്‍ വിമാനം ലാന്‍ഡിങ് ശേഷി നേടിയ ആറാമത്തെ രാജ്യമായി ഇന്ത്യമാറി.
അറബിക്കടലില്‍ വിക്രമാദിത്യയുടെ ഡെക്കിലേക്കാണ് തേജസ് വിമാനം വിജയകരമായി ഇറങ്ങിയത്. രണ്ട് സീറ്റുള്ള എല്‍സിഎ രാവിലെ 10.02 ന് വിക്രമാദിത്യയുടെ ഡെക്കില്‍ വിജയകരമായി ഇറങ്ങിയതായി നാവികസേന സ്ഥിരീകരിച്ചു. ഈ നേട്ടത്തിലൂടെ, വിമാനവാഹിനിക്കപ്പല്‍ അധിഷ്ഠിത യുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വിമാനം പ്രയോഗിക്കാനും ഇന്ത്യക്ക് സാധിക്കും. മാന്‍ഡര്‍ ജെ എ മാവ്ലങ്കാറാണ് വിമാനം കപ്പലില്‍ ലാന്‍ഡ് ചെയ്യിപ്പിച്ചതെന്ന് ഡിഫന്‍സ് റിസര്‍ച്ച് ഡെവലപ്പമെൻ്റ് ഓര്‍ഗനൈസേഷന്‍ (ഡി ആര്‍ ഡി ഒ) അറിയിച്ചു.
നാവികസേനയ്ക്കായി പ്രത്യേകം നിര്‍മ്മിച്ച കോമ്പാക്‌ട് എയര്‍ക്രാഫ്റ്റായ തേജസിലാണ് ഇന്ത്യ പരീക്ഷണം പൂര്‍ത്തിയാക്കിയത്. 30 വിമാനങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള യുദ്ധക്കപ്പലാണ് ഐ എന്‍ എസ് വിക്രമാദിത്യ. കരയിലെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതിന് ശേഷമാണ് യുദ്ധവാഹിനിക്കപ്പലില്‍ പരീക്ഷണം നടത്തിയത്. വിവിധതരം ആയുധങ്ങള്‍ പ്രയോഗിക്കുന്നതിലും ആകാശത്തുനിന്ന് ഇന്ധനം നിറയ്ക്കുന്നതിലും തേജസ് വിജയിച്ചിരുന്നു.
1980ലാണ് തേജസിൻറെ നിര്‍മാണത്തിനുള്ള നടപടി തുടങ്ങിയത്. ഏത് പ്രതികൂല സാഹചര്യത്തിലും തേജസിന് 900 മുതല്‍ 1000 കിലോമീറ്റര്‍ വരെ വേഗത്തില്‍ പറന്ന് ആയുധങ്ങള്‍ വര്‍ഷിക്കാന്‍ കഴിയും. ആകാശത്തുനിന്ന് ആകാശത്തിലേക്കും കരയിലേക്കും മിസൈല്‍ തൊടുത്തുവിടാനുള്ള കരുത്തുമുണ്ട്. മൂന്നരപ്പതിറ്റാണ്ടുനീണ്ട പരീക്ഷണഘട്ടങ്ങള്‍ കടന്നാണ് തദ്ദേശീയമായി വികസിപ്പിച്ച തേജസ് സേനയുടെ ഭാഗമായത്.
പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി ചരിത്രനേട്ടം കൈവരിച്ച നാവികസേനയേയും ഡി ആര്‍ ഡി ഒയെയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു.
Content highlight; Light Combat Aircraft lands on INS Vikramaditya