ജനങ്ങൾക്ക് വിതരണം ചെയ്യാമെന്ന് അറിയിച്ച സൗജന്യ അരിയെ ചൊല്ലിയിൽ പുതുച്ചേരിയിൽ പോര് തുടരുന്നു. മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് സംഭവം ഹൈക്കോടതിയിലേക്ക് എത്തിയിരിക്കുകയാണ്. ലഫ്.ഗവര്‍ണര്‍ കിരണ്‍ ബേദിയ്‌ക്കെതിരെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് എതിരെയും മുഖ്യമന്ത്രി വി നാരായണസ്വാമി ഹൈക്കോടതിയെ സമീപിച്ചു . സൗജന്യ അരിക്ക് പകരം പണം വിതരണം ചെയ്യാനുള്ള തീരുമാനത്തിനെതിരെയാണ് അദ്ദേഹം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത് . ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി അടുത്ത ആഴ്ച വാദം കേള്‍ക്കും.
2016ല്‍ അധികാരത്തിലേറിയപ്പോള്‍ തന്നെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ സൗജന്യ അരി വിതരണ പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കേന്ദ്രഭരണ പ്രദേശത്തെ ജനങ്ങള്‍ക്ക് അരി വിതരണം ചെയ്യാനുള്ള സംസ്ഥാന സര്‍ക്കാരിൻ്റെ തീരുമാനത്തിന് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പും അനുമതി നല്‍കിയിരുന്നു . പദ്ധതി നടപ്പിലാക്കാനുള്ള പദ്ധതിനിര്‍ദേശം നല്‍കിയാല്‍ ഉടന്‍ അനുമതി നല്‍കാമെന്ന് മന്ത്രാലയവും ഉറപ്പുനല്‍കിയാതായും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട ഫയൽ ലെഫ്റ്റനന്റ് ഗവർണർ കിരൺബേദിയ്ക്ക് അയച്ചെങ്കിലും അനുമതി നിഷേധിക്കുകയായിരുന്നു.
അരിക്ക് പകരം ഉപഭോക്താക്കൾക്ക് പണം അക്കൗണ്ടിൽ നൽകാൻ ഗവർണർ നിർദേശം മുന്നോട്ടുവച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ സർക്കാർ വഴങ്ങാതെ വന്നതോടെ ഗവണർ ഫയൽ ആഭ്യന്തര മന്ത്രാലയത്തിന് അയച്ചു. പിന്നാലെ, ഭക്ഷ്യ പൊതുവിതരണ മന്ത്രാലയത്തിൻ്റെ നിർദേശത്തെ അട്ടിമറിക്കുന്ന ഉത്തരവാണ് മന്ത്രാലയം പുറപ്പെടുവിച്ചത്. ഇതോടെ മുഖ്യമന്ത്രി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പൊതുജനക്ഷേമ പദ്ധതികൾ നടപ്പിലാക്കുക എന്നത് തെരഞ്ഞെടുക്കപ്പെട്ട സർക്കാരിൻ്റെ ഉത്തരവാദിത്വമാണെന്നും അയൽ സംസ്ഥാനങ്ങളായ തമിഴ്നാടും ആന്ധ്രപ്രദേശും കർണാടകയും ഇത്തരത്തിൽ അരി സൗജന്യമായി വിതരണം ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Content Highlight; puthuchery cm moves high court against luf governer kiran bedi