കശ്മീരില്‍ കൊല്ലപ്പെട്ട ഇന്ത്യൻ പൗരൻറെ തല പാക് പട്ടാളം അറുത്തു മാറ്റി; ക്ഷമിക്കില്ലെന്ന് കരസേനാ മേധാവി

നിയന്ത്രണ രേഖയ്ക്കു സമീപം ഇന്ത്യന്‍ പൗരന്മാരോട് പാക് പട്ടാളത്തിൻറെ കൊടും ക്രൂരത. ജമ്മുകാശ്മീരിലെ പൂഞ്ചില്‍ വെള്ളിയാഴ്ച കൊല്ലപ്പെട്ട രണ്ടു പോര്‍ട്ടര്‍മാരില്‍ ഒരാളുടെ തലയാണ് പാകിസ്ഥാൻറെ ബോര്‍ഡര്‍ ആക്‌ഷന്‍ ടീം (ബാറ്റ്) അറത്തുകൊണ്ടുപോയെന്ന് സൈന്യം അറിയിച്ചു. ഒരു പൗരൻ ഇത്ര മൃഗീയമായി ആക്രമിക്കപ്പെടുന്നത് ഇതാദ്യമായാണ്.

ഗുര്‍പുരിലെ കസാലിയാനില്‍നിന്നുള്ള മുഹമ്മദ് അസ്‌ലം (28), അല്‍ത്താഫ് ഹുസൈന്‍ (23) എന്നീ സേനാ പോര്‍ട്ടര്‍മാരാണ് കൊല്ലപ്പെട്ടത്. ഇവരില്‍ അസ്‌ലത്തിൻറെ തലയാണ് അറുത്തത്. മൃതദേഹം വികൃതമാക്കിയിട്ടുമുണ്ട്. പ്രൊഫഷണലിസമുള്ള സേനകള്‍ ഇത്തരം പൈശാചിക കൃത്യങ്ങള്‍ ചെയ്യില്ലെന്നും ഇങ്ങനെയുള്ള പ്രവൃത്തികളെ സൈനികമായി നേരിടുമെന്നും കരസേനാ മേധാവി ജനറല്‍ എം.എം നരവനെ പറഞ്ഞു.

പാകിസ്താൻറെ ആക്രമണത്തിൽ പരിക്കേറ്റ മറ്റു മൂന്ന് പോർട്ടർമാർ ആശുപത്രിയിൽ ചികിത്സയിലാണെന്ന് ജമ്മുകശ്മീർ പോലീസ് പറഞ്ഞു.

‘ഇന്ത്യന്‍ പട്ടാളക്കാരോട് ഇതിലും ക്രൂരമായ രീതിയില്‍ പണ്ടും പാകിസ്ഥാന്‍ സൈന്യം പെരുമാറിയിട്ടുണ്ട്. എന്നാല്‍, ഇന്ത്യന്‍ പൗരന്മാരുടെ നേരെ ഇത്രയും മനുഷ്യത്വമില്ലാത്ത നടപടി ഇതാദ്യമാണ്. ഇത്തരം പ്രാകൃതവും കിരാതവുമായ നടപടികള്‍ അഭിമാനമുള്ള ഒരു സൈന്യവും ചെയ്യുകയില്ല, അതുകൊണ്ടുതന്നെ ഇന്ത്യന്‍ സൈന്യം സൈന്യത്തിൻ്റേതായ രീതിയില്‍ തീര്‍ച്ചയായും ശക്തമായ നടപടികള്‍ കൈക്കൊള്ളും’-നരവനെ പറഞ്ഞു.

Content highlight; pak border action team suspected of beheading indian porter