ഉക്രൈൻ വിമാന ദുരന്തം; ഇറാനിൽ ഖമേനിക്കെതിരെ ജനരോക്ഷം ശക്തം

ഉക്രെയിൻ യാത്രാവിമാനം തകർന്ന് 176 പേർ കൊല്ലപ്പെട്ടത് സ്വന്തം സൈന്യത്തിൻ്റെ മിസൈലേറ്റാണെന്ന കുറ്റസമ്മതത്തിന് പിന്നാലെ ഇറാനിൽ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിക്കും സർക്കാരിനും എതിരെ പ്രക്ഷോഭം ആളിക്കത്തുന്നു.

യുക്രൈനിന്‍റെ യാത്രാ വിമാനം ഇറാൻ സൈന്യം തന്നെ വെടിവച്ചിട്ടതാണെന്ന് ഭരണകൂടം തുറന്ന് സമ്മതിച്ചതോടെയാണ് രാജ്യ തലസ്ഥാനത്ത് അടക്കം പ്രതിഷേധം തുടങ്ങിയത്. സാങ്കേതിക തകരാറാണ് അപകടകാരണമെന്ന് കള്ളം പറഞ്ഞ അയത്തൊള്ള അലി ഖമനേയി രാജി വയ്ക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാർത്ഥികളടക്കം ആയിരക്കണക്കിനാളുകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

വിമാനാപകടത്തിൽ കൊല്ലപ്പെട്ട 176 പേരിൽ ഭൂരിഭാഗവും ഇറാൻ പൗരൻമാർ തന്നെയാണ്. സ്വന്തം പൗരൻമാർക്ക് രാജ്യത്ത് സുരക്ഷയില്ലെങ്കിൽ പിന്നെ ആർക്ക് സുരക്ഷ നൽകാനാണ് സൈന്യമെന്നാണ് പ്രതിഷേധക്കാർ ഉയർത്തുന്ന ചോദ്യം.

ബുധനാഴ്ച ടെഹ്റാനിലെ ഇമാം ഖൊമൈനി വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന യുക്രൈൻ വിമാനമായ PS 752 പെട്ടെന്ന് തകർന്ന് വീഴുകയായിരുന്നു. അമേരിക്കൻ സൈന്യത്തെ ലക്ഷ്യമിട്ട് ഇറാഖിൽ ഇറാൻ വ്യോമാക്രമണം നടത്തി മണിക്കൂറുകൾക്കകമായിരുന്നു സംഭവം. പിന്നീട് മണിക്കൂറുകൾക്കകം, ഇറാൻ തന്നെ ആ ദുരന്തം ഒരു ‘കയ്യബദ്ധ’മാണെന്ന് തുറന്ന് സമ്മതിച്ച് രംഗത്തെത്തുകയായിരുന്നു.

അമേരിക്കയുടെ പ്രത്യാക്രമണമാണെന്ന് കരുതി അറിയാതെയാണ് വിമാനത്തിന് നേരെ വെടിയുതിർത്തതെന്നും ഇറാന്‍റെ റെവല്യൂഷണറി ഗാർഡ്‍സിന്‍റെ കമാൻഡർ ഇൻ ചീഫ് ജനറൽ ഹസ്സൻ സലാമി തുറന്ന് സമ്മതിച്ചു. എത്രയും പെട്ടെന്ന് ഇതിൽ നടപടിയുണ്ടാകുമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും റവല്യൂഷണറി ഗാർഡ്സ് പറഞ്ഞെങ്കിലും ഇത് ഇറാനിൽ വൻ ജനരോഷമാണ് ഉണ്ടാക്കിയത്.

വിപ്ലവകരമായ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങിയ വിദ്യാർത്ഥികളെ പിരിച്ചുവിടാൻ പൊലീസ് ബലം പ്രയോഗിക്കുകയും, ‘കമാൻഡർ ഇൻ ചീഫ് ഖമനേയി രാജിവയ്ക്കൂ, കള്ളം പറയുന്നവരെ കൊല്ലൂ ‘ എന്നിങ്ങനെ പ്രതിഷേധക്കാർ ആർപ്പുവിളിക്കുകയും ചെയ്തു. പതിനായിരകണക്കിന് ആളുകളാണ് കൊല്ലപ്പെട്ട പൗരൻമാർക്ക് നീതിവേണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്.

Content Highlights; iran ukrain plane crash the protests turns up heat on leaders